
കൊച്ചി: ജോൺ എബ്രഹാം എന്റർടൈൻമെന്റിന്റെ ആദ്യ മലയാള ചിത്രമാണ് ‘മൈക്ക്’. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. നവാഗതനായ രഞ്ജിത്ത് സജീവിനെ ഈ ചിത്രത്തിലൂടെ ജോൺ അബ്രഹാം മലയാളികൾക്ക് പരിചയപ്പെടുത്തുന്നു. പുതുമുഖം എന്നതിലുപരി ഗംഭീരമായ പ്രകടനമാണ് രഞ്ജിത്ത് സജീവിന്റെ ഭാഗത്തു നിന്ന് പ്രേക്ഷകർക്ക് പ്രതീക്ഷിക്കാമെന്ന് സംവിധായകൻ വിഷ്ണു ശിവപ്രസാദ് അഭിപ്രായപ്പെട്ടു.
അനശ്വരാ രാജനാണ് ചിത്രത്തിലെ നായിക. മൈക്കിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ഹിഷാം അബ്ദുൾ വഹാബാണ്. സമകാലിക പ്രാധാന്യമുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രം അഞ്ച് വ്യത്യസ്ത സംസ്ഥാനങ്ങളിലായിയാണ് ചിത്രീകരിച്ചത്. സെഞ്ചുറി വിതരണം ചെയ്യുന്ന മൈക്ക്, ഓഗസ്റ്റ് 19 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
വിക്കി ഡോണർ, പരമാണു, മദ്രാസ് കഫേ തുടങ്ങിയ വാണിജ്യ വിജയവും നിരൂപക പ്രശംസയും നേടിയ സിനിമകൾ നിർമ്മിച്ച നടൻ ജോൺ എബ്രഹാമിന്റെ ജെ.എ എന്റർടെയ്ൻമെന്റാണ് മൈക്ക് നിർമ്മിക്കുന്നത്. ആയുഷ്മാൻ ഖുറാനയെപ്പോലുള്ള മികവുറ്റ അഭിനേതാക്കളെ സിനിമകളിലേക്ക് കൊണ്ടുവന്ന ജെ.എ എന്റർടൈൻമെന്റ്, രഞ്ജിത്ത് സജീവ് എന്ന മറ്റൊരു പുതുമുഖ നടനെയും മൈക്കിലൂടെ പരിചയപ്പെടുത്തുന്നു.
Post Your Comments