തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വിമർശനവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. എല്ലാവരേയും പോയി തോണ്ടിയിട്ട് തിരിച്ചൊന്ന് കിട്ടുമ്പോള്‍ മോങ്ങുന്ന കുട്ടിയുടെ സ്ഥിതിയാണ് പ്രതിപക്ഷ നേതാവിന്റേതെന്ന് മുഹമ്മദ് റിയാസ് പരിഹസിച്ചു. കാസര്‍ഗോഡ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മന്ത്രിമാര്‍ക്ക് പരിചയക്കുറവാണെന്നാണ് സതീശന്‍ പറഞ്ഞത്. അങ്ങനെയാണെങ്കില്‍ അദ്ദേഹത്തിന് ഇപ്പോള്‍ ബാധിക്കുന്ന പക്വത കുറവിന്റെ പ്രശ്‌നം പരിചയക്കുറവാണോയെന്ന് പറയണമെന്നും മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
’21 വര്‍ഷം എം.എല്‍.എ ആയിരുന്നത് മാത്രമാണോ ഒരു പൊതുപ്രവര്‍ത്തകന്റെ അനുഭവം. കേരളത്തിലെ ഏത് പാര്‍ട്ടി എടുത്താലും അതിലെ ബഹുഭൂരിപക്ഷം പ്രവര്‍ത്തകരും ഒരു ജനപ്രതിനിധി പോലും ആകാത്തവരാണ്. ഇവര്‍ക്കൊന്നും അനുഭവമില്ലെന്നാണോ സതീശന്‍ പറയുന്നത്. പ്രതിപക്ഷ നേതാവിന് എപ്പോഴും കൊട്ടാനുള്ള ചെണ്ടയല്ല കേരളത്തിലെ മന്ത്രിമാരെന്ന് അദ്ദേഹം മനസ്സിലാക്കണം. മുന്‍ഗാമികള്‍ക്കുണ്ടായിരുന്ന പരിചയക്കുറവ് അലട്ടുന്നുണ്ടെങ്കില്‍ അത് വേറെ ആരുടെയെങ്കിലും പിരടിക്ക് വെക്കാന്‍ നോക്കരുത്. ക്രിയാമത്മക വിമര്‍ശം ആര് ഉന്നയിച്ചാലും അത് സ്വീകരിക്കും.
ചെറിയ കുട്ടികളെ പോലെ എല്ലാദിവസവും ഇങ്ങനെ പറഞ്ഞ് പോകരുത്. പണ്ട് ചെറുപ്പത്തില്‍ തനിക്ക് ഒരു സ്‌കൂളില്‍ ഒരു വികൃതിയായ കൂട്ടുകാരനുണ്ടായിരുന്നു. അവന്‍ എല്ലാവരേയും നിരന്തരം അക്രമിക്കും. ഒരുദിവസം ഒരു കുട്ടി തിരിച്ചടിച്ചു. പിന്നെ നിരന്തരം കരച്ചിലായിരുന്നു. മോങ്ങലാണ്. അപ്പോള്‍ അദ്ധ്യാപകന്‍ ആ കുട്ടിയെ വിളിച്ചിട്ട് നീ എല്ലാവരേയും വേണ്ടാതെ അക്രമിക്കുമ്പോള്‍ തിരിച്ച് കിട്ടുമെന്ന് ഓര്‍ക്കണം മോനെ, അത് ആ സ്പിരിറ്റില്‍ എടുക്കണമെന്ന് പറഞ്ഞ് പഠിപ്പിച്ചു. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനകളിലും ആ സംഭവമാണ് ഓര്‍മ വരുന്നത് ‘- മുഹമ്മദ് റിയാസ് പറഞ്ഞു.
Post Your Comments