ബെംഗളൂരു: കർണാടകയിലെ ശിവമോഗയിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. ബാനർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷം തുടങ്ങിയത്. ഒരു വിഭാഗം സ്ഥാപിച്ച വി.ഡി. സവർക്കറുടെ ബാനർ എടുത്തുമാറ്റി മറ്റൊരു സംഘം ടിപ്പു സുൽത്താന്റെ ബാനർ സ്ഥാപിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. പിന്നാലെ പോലീസ് എത്തി ബാനറുകൾ നീക്കം ചെയ്തെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പോലീസ് ലാത്തിച്ചാർജ് നടത്തിയാണ് ഇരുസംഘങ്ങളേയും പ്രദേശത്ത് നിന്ന് നീക്കം ചെയ്തത്. ബാനറുകൾ നീക്കം ചെയ്ത പോലീസ് സ്ഥലത്ത് ദേശീയ പതാക സ്ഥാപിക്കുകയും ചെയ്തു. പ്രദേശത്ത് 144 പ്രഖ്യാപിച്ചതായും ജനക്കൂട്ടത്തെ നിയന്ത്രിച്ചതായും പോലീസ് വ്യക്തമാക്കി. കുത്തേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരോഗ്യനിലയിൽ പ്രശ്‌നങ്ങളില്ലെന്നും പോലീസ് അറിയിച്ചു.
ബാനറുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ പേരിലാണോ കത്തിക്കുത്ത് ഉണ്ടായതെന്ന കാര്യം പരിശോധിക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിക്കുകയും വലിയ ആൾക്കൂട്ടങ്ങൾ നിരോധിക്കുകയും ചെയ്തിരുന്നു.
Post Your Comments