കാഞ്ഞങ്ങാട്: എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ സിപിഐ കാസർകോട് ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം. ജയരാജൻ ഉത്സവപ്പറമ്പിലെ മൂച്ചീട്ടുകളിക്കാരനെ പോലെയാണ് പെരുമാറുന്നതെന്നും വഴിയെ പോകുന്നവരെയെല്ലാം മുന്നണിയിലേക്കു ക്ഷണിക്കുകയാണെന്നും സമ്മേളനം കുറ്റപ്പെടുത്തി. ഇതുവരെയില്ലാത്ത നടപടിയാണിത്. മുന്നണിയിൽ ചർച്ച ചെയ്ത ശേഷമാണ് ഇക്കാര്യങ്ങൾ മുൻപു തീരുമാനിച്ചിരുന്നത്. എന്നാൽ ഇപി ജയരാജൻ തോന്നുന്നത് പോലെ കാണുന്നവരെയെല്ലാം ക്ഷണിക്കുകയാണ് എന്ന് വിമർശനമുയർന്നു.
സിപിഐ മന്ത്രിമാർക്കെതിരെയും സമ്മേളനത്തിൽ വിമർശനമുയർന്നു. ഒന്നാം പിണറായി മന്ത്രിസഭയെ അപേക്ഷിച്ച് ഇപ്പോഴത്തെ മന്ത്രിസഭയുടെ പ്രവർത്തനം ഒട്ടും തൃപ്തികരമല്ല. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു മുഖ്യകാരണം സിപിഎമ്മിന്റെ വല്യേട്ടൻ കളിയാണ്. മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെയാണു പെരുമാറുന്നത്. പ്രധാനാധ്യാപകനും കുട്ടികളും പോലെയാണ് മന്ത്രിമാരും മുഖ്യമന്ത്രിയുമെന്നും സമ്മേളനം വിലയിരുത്തി.
ജില്ലയിലെ ആരോഗ്യ രംഗത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ചു പ്രമേയവും പാസാക്കി. ജില്ലയിലെ ആരോഗ്യരംഗത്തെ നേട്ടങ്ങൾ അക്കമിട്ടു നിരത്തി മന്ത്രി വീണാ ജോർജ് സമൂഹമാധ്യമത്തിൽ കഴിഞ്ഞ ദിവസം പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെയാണ് സിപിഐ ജില്ലാ സമ്മേളനത്തിൽ ജില്ലയിലെ ആരോഗ്യ രംഗത്തെ കുറവുകൾ ചൂണ്ടിക്കാട്ടിയുള്ള പ്രമേയം പാസാക്കിയത്.
Post Your Comments