മുംബൈ: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് ഫിഫയില്‍ നിന്നുണ്ടായ വിലക്ക് വലിയ തിരിച്ചടി സമ്മാനിക്കുമെന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ നായകൻ ബൈച്ചുങ് ഭൂട്ടിയ. ഫിഫയുടെ തീരുമാനം കടുപ്പമേറിയതാണെന്നും എന്നാല്‍, ഈ തീരുമാനത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളണമെന്നും ഭൂട്ടിയ പറഞ്ഞു.
എഐഎഫ്എഫില്‍ ബാഹ്യഇടപെടലുകളുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ ഫുട്‌ബോളിന് ഫിഫ വിലക്കേര്‍പ്പെടുത്തിയത്. 2009 മുതൽ പ്രസിഡന്‍റ് സ്ഥാനത്തുള്ള പ്രഫുൽ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഭരണസമിതി പിരിച്ചുവിട്ട് സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചതാണ് ഫിഫയെ നടപടിയിലേക്കെത്തിച്ചത്.
ഇതോടെ ഒക്ടോബറില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പും രാജ്യത്തിന് നഷ്ടമാകും. കൂടാതെ, ഐഎസ്എൽ, ഐലീഗ് ക്ലബുകൾക്ക് എഎഫ്‍സി വനിതാ ക്ലബ് ചാമ്പ്യന്‍ഷിപ്പ്, എഎഫ്‍സി കപ്പ്, എഎഫ്‍സി ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളും നഷ്ടമാകും.
Read Also:- സിംബാബ്‍വെക്കെതിരായ ഏകദിന പരമ്പര: ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, സൂപ്പർ താരം പുറത്ത്
‘ഫിഫയുടെത് കടുത്ത തീരുമാനമായിപ്പോയി. ഇന്ത്യയ്ക്ക് ലഭിച്ച വിലക്ക് വിഷമമുണ്ടാക്കുന്നു. എന്നാല്‍, ഇതൊരു അവസരമായി വേണം കാണാന്‍. ഇന്ത്യന്‍ ഫുട്‌ബോളിലെ നിലവിലുള്ള ഘടന പൊളിച്ചെഴുതാന്‍ പറ്റിയ അവസരമാണിത്. നമ്മുടെ സിസ്റ്റം ശരിയായ പാതയിലേക്ക് കൊണ്ടുവരാന്‍ ഈ വിലക്കിന് സാധിക്കും. ഏവരും ഒരുമിച്ച് നിന്നാല്‍ മാത്രമേ ഈ വിലക്കില്‍ നിന്ന് ഇന്ത്യയ്ക്ക് മോചനം നേടാനാകൂ’ ഭൂട്ടിയ പറഞ്ഞു.
Post Your Comments