Latest NewsNewsIndia

‘ഏകഭാരതം, ശ്രേഷ്ഠഭാരതം’ എന്ന സങ്കല്‍പവുമായി രാജ്യം മുന്നോട്ടുപോകണം: രാഷ്ട്രപതി ദ്രൗപദി മുര്‍മു

യുവാക്കള്‍ക്കായി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സ്വാതന്ത്ര്യ ദിന സന്ദേശം

ന്യൂഡല്‍ഹി: മാതൃരാജ്യത്തിനും ജനങ്ങളുടെ ഉന്നമനത്തിനുമായി പൂര്‍ണമായ ത്യാഗം അനുഷ്ഠിക്കുകയെന്ന ആദര്‍ശം യുവജനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ആഹ്വാനം. 2047ലെ ഇന്ത്യ കെട്ടിപ്പടുക്കാന്‍ പോകുന്നവരെന്ന നിലയ്ക്കാണു യുവജനങ്ങളോട് ഇതുപറയുന്നതെന്നും ‘ഏകഭാരതം, ശ്രേഷ്ഠഭാരതം’ എന്ന സങ്കല്‍പവുമായി രാജ്യം മുന്നോട്ടുപോകണമെന്നും രാഷ്ട്രപതിയായശേഷമുള്ള ആദ്യ സന്ദേശത്തില്‍ ദ്രൗപദി മുര്‍മു പറഞ്ഞു.

Read Also:ഫേസ്ബുക്കിൽ നിന്നും കൗമാരക്കാരുടെ എണ്ണം കുറയുന്നു, കാരണം ഇതാണ്

സ്വാതന്ത്ര്യത്തിന്റെ 76–ാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ പൗരന്മാര്‍ക്കും ആശംസ അറിയിച്ച രാഷ്ട്രപതി, സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നവും ഭരണഘടനാശില്‍പി ഡോ. ബി.ആര്‍.അംബേദ്കറിന്റെ ദര്‍ശനവും രാജ്യം വൈകാതെ സഫലമാക്കുമെന്നു പറഞ്ഞു.

‘ആത്മനിര്‍ഭര ഭാരതം കെട്ടിപ്പടുക്കാനുള്ള പാതയിലാണു നാം. സ്വാതന്ത്ര്യം ലഭിച്ച് ഇക്കാലം കൊണ്ടു പഠിച്ച പാഠങ്ങള്‍, ശതാബ്ദിയിലേക്കുള്ള അടുത്ത 25 വര്‍ഷത്തെ യാത്രയില്‍ വഴികാട്ടും. ലോക സമ്പദ് വ്യവസ്ഥയെ തന്നെ കോവിഡ് ബാധിച്ചിട്ടും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വേഗത്തില്‍ വളരുന്നു. സുദൃഢമായ സമ്പദ് വ്യവസ്ഥയ്ക്കു നാം കര്‍ഷകരോടും തൊഴിലാളികളോടും നന്ദി പറയണം. ഇന്ത്യ സ്റ്റാര്‍ട്ടപ് തലസ്ഥാനമായി മാറി. ഇന്ത്യയില്‍ ജനാധിപത്യം വാഴുമോയെന്ന പലരുടെയും സംശയം തെറ്റാണെന്നു നാം തെളിയിച്ചു’, രാഷ്ട്രപതി പറഞ്ഞു.

‘നമ്മുടെ സാമ്പത്തികവളര്‍ച്ച എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുള്ളതാണ്. പുതിയ വിദ്യാഭ്യാസനയവും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയും ഇക്കാര്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. വീടും ശുദ്ധജല കണക്ഷനും ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികള്‍ക്കും നാം ഊന്നല്‍ നല്‍കുന്നു. അരികുവല്‍ക്കരിക്കപ്പെട്ടവരോടു സഹാനുഭൂതിയെന്നതാണ് ഇന്നത്തെ ഇന്ത്യയിലേക്കുള്ള താക്കോല്‍. ജെന്‍ഡര്‍ വിവേചനം കുറയുന്നുവെന്നു മാത്രമല്ല, രാജ്യത്തു സ്ത്രീകള്‍ വലിയ നേട്ടങ്ങള്‍ കൊയ്യുകയും ചെയ്യുന്നു’, രാഷ്ട്രപതി പറഞ്ഞു.

തദ്ദേശ ഭരണസമിതികളിലെ സ്ത്രീസാന്നിധ്യവും കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതകളുടെ നേട്ടവും രാഷ്ട്രപതി എടുത്തുപറഞ്ഞു. സൈനികര്‍ക്കും വിദേശത്തുള്ള ഇന്ത്യന്‍ നയതന്ത്ര ജീവനക്കാര്‍ക്കും മാതൃരാജ്യത്തെ അഭിമാനമായി കാണുന്ന പ്രവാസികള്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നാണു രാഷ്ട്രപതി പ്രസംഗം അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button