ജനപ്രിയ ആപ്പുകളായ വാട്സ്ആപ്പിനും യൂട്യൂബിനും വെല്ലുവിളി ഉയർത്തി വ്യാജ മാൽവെയർ ആക്രമണം നടക്കുന്നതായി റിപ്പോർട്ട്. ഡ്രാക്കറിസ് എന്ന പേരിലുള്ള മാൽവെയറാണ് ആപ്പുകൾ മുഖാന്തരം ആക്രമണം നടത്തുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, മെസഞ്ചർ, വാട്സ്ആപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റയാണ് മാൽവെയറിനെ കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
ഡ്രാക്കറിസ് മാൽവെയറിന്റെ ആക്രമണം ആൻഡ്രോയിഡ് ഫോൺ, ടാബ്‌ലെറ്റ് എന്നിവയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. മാൽവെയറുകൾ പ്രവേശിക്കുന്നതോടെ, ആൻഡ്രോയ്ഡ് ഉപകരണത്തിലെ കോൾ ലോഗുകൾ, കോൺടാക്ട് വിവരങ്ങൾ, ഫയലുകൾ, എസ്എംഎസ് ടെക്സ്റ്റുകൾ, ജിയോ ലൊക്കേഷൻ എന്നിവ എളുപ്പത്തിൽ ചോർത്താൻ സാധിക്കും. കൂടാതെ, ക്യാമറ പ്രവർത്തിപ്പിക്കാനും മൈക്രോഫോൺ പ്രവർത്തനക്ഷമമാക്കാനും സാധിക്കും.
യൂട്യൂബ്, ടെലിഗ്രാം, സിഗ്നൽ, വാട്സ്ആപ്പ് എന്നിവയുടെ വ്യാജ പതിപ്പുകളിലാണ് മാൽവെയറിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. വ്യാജ സന്ദേശത്തോടൊപ്പം ലഭിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നതോടെ ആപ്പുകളുടെ വ്യാജ പതിപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുകയും മാൽവെയർ പ്രവേശിക്കുകയും ചെയ്യും. അതിനാൽ, അപരിചിതമായ ലിങ്കുകൾ, ആപ്പ് അപ്ഡേഷൻ സന്ദേശങ്ങൾ എന്നിവ വളരെ ശ്രദ്ധയോട് കൂടി കൈകാര്യം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്.
Post Your Comments