ശ്രീനഗർ: രാജ്യത്ത് ഹർ ഘർ തിരംഗ തരംഗം അലയടിക്കുന്നു. ദോഡ ജില്ലയിലെ പർവതപ്രദേശത്തും ഹർ ഘർ തിരംഗ ക്യാംപെയിന്റെ ഭാഗമായി ത്രിവർണ്ണ പതാക പാറിപ്പറന്നു. കശ്മീരിലെ ഭീകരരുടെ വീടുകളിലും മൂവർണ്ണക്കൊടി ഉയർന്നുപാറി. ഒളിവിൽപ്പോയ ഭീകരരുടെ കുടുംബാംഗങ്ങൾ സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ദേശീയ പതാക ഉയർത്തി. പാകിസ്ഥാൻ ഭീകരസംഘങ്ങൾക്കൊപ്പം ചേർന്നവരുടെ കുടുംബാംഗങ്ങളാണ് രാജ്യത്തോടൊപ്പം എന്ന് ഉറക്കെ പ്രഖ്യാപിച്ച് പതാക ഉയർത്തിയത്.
പാക് അധീന കശ്മീരിൽ (പിഒകെ) ഒളിവിൽ കഴിഞ്ഞ്, ഭീകര സംഘടനകൾക്കായി പ്രവർത്തിക്കുന്നവരുടെ കുടുംബാംഗങ്ങൾ അവരെ തള്ളിപ്പറയുകയും ചെയ്തു. നാല് ഭീകരരുടെ കുടുംബാംഗങ്ങളാണ് പതാക ഉയർത്തിയതെന്ന് സൈനിക ഇന്റലിജൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഭീകര പ്രവർത്തനങ്ങൾക്കായി ഒളിവിൽ പോയവരോട് തിരിച്ച് വന്ന് സുരക്ഷാ സേനയ്ക്ക് മുന്നിൽ കീഴടങ്ങാൻ കുടുംബം അഭ്യർത്ഥിച്ചു. എല്ലാ വർഷവും തങ്ങളുടെ വീടുകളിൽ ദേശീയ പതാക ഉയർത്താറുണ്ടെന്ന് ഭീകരരുടെ കുടുംബങ്ങൾ വ്യക്തമാക്കി.
പാക് ഭീകരസംഘത്തിനൊപ്പം ചേർന്ന നസീർ ഗുജ്ജാറിന്റെ സഹോദരൻ നജാബ് ദിൻ തന്റെ വീട്ടിൽ ത്രിവർണ ഏതെങ്കിലും സമ്മർദ്ദം കൊണ്ടല്ലെന്നും തങ്ങളുടെ രാജ്യസ്‌നേഹം മൂലമാണെന്നും വ്യക്തമാക്കി. തങ്ങൾ സർക്കാരിൽ വിശ്വസിക്കുന്നുവെന്നും സഹോദരൻ എത്രയും പെട്ടെന്ന് കീഴടങ്ങണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും നജാബ് പറഞ്ഞു.
സലീം മാലിക് എന്ന ഭീകരന്റെ വീട്ടിലും ഇന്നലെ മൂവർണക്കൊടി ഉയർന്നു. അവൻ തെറ്റായ വഴി തിരഞ്ഞെടുത്തു എന്നതിൽ സംശയമില്ല. പശ്ചാത്തപിക്കുന്നുണ്ടെങ്കിൽ തിരിച്ചെത്തി സുരക്ഷാസേനയ്‌ക്ക് മുന്നിൽ കീഴടങ്ങണമെന്ന് സലീം മാലിക്കിന്റെ കുടുംബം അഭ്യർത്ഥിച്ചു. 2001 മുതൽ ഒളിവിലുള്ള ഷബീർ അഹമ്മദ്, ത്രീവവാദ ഫണ്ടിങ്ങിലെ പ്രധാനിയായ ഹിസ്ബുൾ മുജാഹിദ്ദീനിലെ അബ്ദുൾ ഹായ് എന്നീ ഭീകരരുടെ കുടുംബാംഗങ്ങളും പതാക ഉയർത്തി.
ഹർ ഘർ തിരംഗ പ്രചാരണത്തിന് കീഴിൽ പിഒകെയിലേക്കും മറ്റിടങ്ങളിലേക്കും പലായനം ചെയ്ത ഭീകരരുടെ കുടുംബങ്ങൾ ദേശീയ പതാക ഉയർത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായി ഡോഡയിലെ ഒരു യൂണിറ്റ് ആസ്ഥാനമായുള്ള ഒരു സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു.
Post Your Comments