തിരുവനന്തപുരം: കിഫ്ബി കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക് ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്പാകെ ഹാജരാകില്ല. രാവിലെ പതിനൊന്നിന് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് ഇ.ഡി നോട്ടീസ് നൽകിയിരുന്നത്. എന്നാൽ കിഫ്ബിയുമായി ബന്ധപ്പെട്ട് നോട്ടീസ് എതു സാഹചര്യത്തിലാണ് തനിക്ക് നൽകിയത് എന്ന് മറുപടി വേണമെന്നാവശ്യപ്പെട്ട് തോമസ് ഐസക് കത്ത് നൽകുമെന്നാണ് വിവരം. രണ്ടാം തവണയാണ് ഇ.ഡി തോമസ് ഐസക്കിനോട് ഹാജരാകാൻ ആവശ്യപ്പെടുന്നത്.
അതിനിടെ, കിഫ്ബിയേയും മസാല ബോണ്ടുകളെയും പറ്റി വ്യക്തത നൽകണമെന്നാവശ്യപ്പെട്ട് ഇ.ഡി നൽകിയ സമൻസുകർക്കെതിരെയുള്ള തോമസ് ഐസക്കിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സമൻസുകളുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ തടയണമെന്നാണ് ഹർജിയിലെ ആവശ്യം.
കിഫ്ബിക്കെതിരായ ഇ.ഡി നീക്കത്തിനെതിരെ അഞ്ച് എം.എൽ.എമാർ സമർപ്പിച്ച ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. കെ.കെ ശൈലജ, ഐ.ബി സതീഷ്, എം മുകേഷ്, ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് പൊതു താൽപര്യ ഹർജി നൽകിയത്.
Post Your Comments