തിരുവനന്തപുരം: ഭരണഘടന മുന്നോട്ടുവെക്കുന്ന സാമൂഹിക സാമ്പത്തിക സമത്വം പ്രാവർത്തികമാക്കാൻ രാജ്യത്തിന് സാധിച്ചിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യത്തിന്റെ 75 വർഷം കൊണ്ട് തദ്ദേശീയ ജനതയുടെ ജീവിതം എത്രമാത്രം മെച്ചപ്പെട്ടിട്ടുണ്ടെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Read Also: മോൻസൻ മാവുങ്കലിന് എതിരായ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കെ. സുധാകരനെ ചോദ്യം ചെയ്യണം: ക്രൈംബ്രാഞ്ച്
സ്വാതന്ത്ര്യ സമരം മുന്നോട്ടുവെച്ച നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തെ സംരക്ഷിക്കാൻ ഇക്കാലയളവിൽ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ടോ എന്ന വിലയിരുത്തൽ ഈ ഘട്ടത്തിൽ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പട്ടികവർഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടിന്റെ ചരിത്രത്തോളം തന്നെ പഴക്കമുള്ളവയാണ് തദ്ദേശീയ ജനതയുടെ പാരമ്പര്യം. അവരുടെ ചരിത്രവും സംസ്‌കാരവും സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക വേളയിൽ ഗോത്രവർഗ സ്വാതന്ത്ര്യ സമര പോരാളികൾക്കായി ഒരു മ്യൂസിയം ആരംഭിക്കും. വയനാട് സുഗന്ധഗിരിയിൽ 20 ഏക്കറിൽ ആണ് ട്രൈബൽ മ്യൂസിയം സ്ഥാപിക്കുന്നത്. എല്ലാവരെയും ഉൾകൊള്ളുന്ന രീതിയിൽ വികസന പദ്ധതികളും ക്ഷേമ പദ്ധതികളും ഒരുപോലെ സംയോജിപ്പിച്ചുകൊണ്ട് ഒരു നവകേരളം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മയെ ചടങ്ങിൽ ആദരിച്ചു. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, വി ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
Post Your Comments