തായ്പെയ്: തായ്വാനെ ചുറ്റി സമുദ്രത്തിലും ആകാശത്തിലുമായി ചൈന നടത്തുന്ന സൈനിക അഭ്യാസം അധിനിവേശത്തിന്റെ മുന്നോടിയാണെന്ന് ചൂണ്ടിക്കാട്ടി തായ്വാൻ വിദേശകാര്യമന്ത്രി ജോസഫ് വു. തായ്വാൻ പിടിച്ചടക്കാനാണ് ചൈനയുടെ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
ചൈന ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ നാവിക, വ്യോമാഭ്യാസമാണ് തായ്വാനു ചുറ്റും നടക്കുന്നത്. യുഎസ് സ്പീക്കർ നാൻസി പെലോസി ചൈനയുടെ വിലക്ക് മറികടന്ന് തായ്വാൻ സന്ദർശിച്ചതിന്റെ പ്രതിഷേധമാണ് ഈ അഭ്യാസത്തിലൂടെ പ്രകടമാക്കുന്നത്. തിരിച്ചടിയുണ്ടാകുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയിട്ടും ചൊവ്വാഴ്ച രാത്രിയോടെ തായ്വാനിലെത്തിയ നാൻസി പെലോസി, ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചകൾക്ക് ശേഷം ബുധനാഴ്ച രാത്രി തന്നെ മടങ്ങി. ചൈനീസ് ആക്രമണ ഭീഷണി ഭയന്ന് അമേരിക്കൻ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് നാൻസി തായ്വാനിൽ എത്തിയത്.
തായ്വാന്റെ വ്യോമമേഖലയിലും നാവിക മേഖലയിലും അതിക്രമിച്ചു കയറി സൈനികാഭ്യാസങ്ങൾ നടത്തുക എന്നതാണ് ചൈന പയറ്റുന്ന തന്ത്രം. സമുദ്രത്തിലും ആകാശത്തിലുമായി നിരവധി ചൈനീസ് കപ്പലുകളും യുദ്ധവിമാനങ്ങളുമാണ് അഭ്യാസപ്രകടനങ്ങൾ നടത്തുന്നത്.
Post Your Comments