Latest NewsNewsIndia

ഐ.എസിന് വേണ്ടി ഫണ്ട് ശേഖരിക്കാൻ ചുക്കാൻ പിടിച്ച വിദ്യാർത്ഥി അറസ്റ്റിൽ: കള്ളമെന്ന് കുടുംബം

ന്യൂഡൽഹി: ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ സജീവ അംഗമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ന്യൂഡൽഹിയിലെ ബട്‌ല ഹൗസിൽ താമസിക്കുന്ന മൊഹ്‌സിൻ അഹമ്മദിനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. ആരോപണം നിഷേധിച്ച് ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ മൊഹ്‌സിന്റെ കുടുംബം രംഗത്ത്. ഭീകര സംഘത്തിന് വേണ്ടി മൊഹ്‌സിൻ ഫണ്ട് ശേഖരിക്കുകയും വിവിധ രാജ്യങ്ങളിൽ നിന്ന് ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് സിറിയയിലേക്ക് പണം അയയ്ക്കുകയും ചെയ്തുവെന്നായിരുന്നു എൻ.ഐ.എയുടെ കണ്ടെത്തൽ. ഇതിനെ തുടർന്നാണ് അറസ്റ്റ്.

എന്നാൽ, ദേശീയ അന്വേഷണ ഏജൻസിയുടെ ആരോപണങ്ങൾ തള്ളിക്കളയുകയാണ് യുവാവിന്റെ കുടുംബം. നിയമപരമായി മുന്നോട്ട് പോകുമെന്നാണ് ഇവർ പറയുന്നത്. ഇന്ന് രാവിലെയാണ് വിവരമറിഞ്ഞ് ഇവർ പട്‌നയിൽ നിന്ന് ഡൽഹിയിലെത്തിയത്. മൊഹ്‌സിന് മൂന്ന് സഹോദരിമാരുണ്ട്, അച്ഛൻ റെയിൽവേയിൽ ജോലി ചെയ്യുന്നു. മൊഹ്‌സിന്റെ ഡൽഹിയിലെ വസതിയിൽ ദേശീയ അന്വേഷണ ഏജൻസി നടത്തിയ റെയ്ഡിന് ശേഷമായിരുന്നു യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഫണ്ട് ശേഖരിച്ച് ക്രിപ്‌റ്റോകറൻസിയുടെ രൂപത്തിൽ സിറിയയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും അയച്ചതായി ഏജൻസി വ്യക്തമാക്കി.

‘അവൻ ഫണ്ട് സ്വരൂപിക്കുന്ന ആളാണെങ്കിൽ അവന്റ കൈയ്യിൽ ഒരുപാട് പണം കാണേണ്ടതല്ലേ? കഴിഞ്ഞ ദിവസം കൂടി ഒരു കോഡിംഗ് കോഴ്‌സ് ചെയ്യാൻ 4,൦൦൦ രൂപ അയച്ച് തരുമോയെന്ന് ചോദിച്ച് അവൻ എനിക്ക് മെസ്സേജ് അയച്ചിരുന്നു. അവൻ എല്ലാവരെയും സഹായിക്കുന്നവനാണ്. കോവിഡ് ലോക്ക്ഡൗൺ സമയത്ത് അദ്ദേഹം സാമൂഹിക സേവനവും സംഭാവന ശേഖരിക്കുകയും പാവപ്പെട്ടവർക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു’, യുവാവിന്റെ സഹോദരി എൻ‌ഡി‌ടി‌വിയോട് പറഞ്ഞു.

‘ആരോപണങ്ങൾ തീർത്തും തെറ്റാണ്, ഞങ്ങൾ എൻ.ഐ.എയെ കോടതിയിൽ ചോദ്യം ചെയ്യും. അവർ എന്താണ് ചെയ്യുന്നതെന്ന് പോലും അവന് മനസ്സിലായിട്ടുണ്ടാകില്ല. എഞ്ചിനീയറിംഗ് പ്രവേശനം നേടാൻ അവൻ രണ്ട് തവണ ശ്രമിച്ചു. എന്റെ സഹോദരൻ വളരെ നിഷ്കളങ്കനും പാവവുമാണ്. എന്താണ് ഐ.എസ്.ഐ.എസ് എന്ന് പോലും അവനറിയുമെന്ന് ഞാൻ കരുതുന്നില്ല’, യുവതി പറഞ്ഞു.

ജൂലൈ 12ന് ആണ് യുവാവ് ഡൽഹിയിലെത്തിയതെന്നും സുഹൃത്തിനും ബന്ധുവിനുമൊപ്പമായിരുന്നു താമസമെന്നും മൊഹ്‌സിന്റെ അമ്മ പറഞ്ഞു. ഡൽഹിയിലെ ബട്‌ല ഹൗസ് ഏരിയയിൽ താമസിച്ചിരുന്ന യുവാവ് ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ ചേർന്നിരുന്നു. ഇവിടുത്തെ വിദ്യാർത്ഥിയാണ് ഇയാൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button