തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ മുൻ ധനമന്ത്രി തോമസ് ഐസക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുൻപിൽ ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പട്ട് ഇഡി നൽകിയ സമൻസിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് തോമസ് ഐസക്കിന്റെ നിലവിലെ തീരുമാനം. ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇഡി മുൻ മന്ത്രിയ്‌ക്ക് സമൻസ് നൽകിയത്.
നോട്ടീസ് ലഭിച്ചതിന് പിന്നാലെ പാർട്ടിയോട് ആലോചിച്ച ശേഷം ഹാജരാകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു തോമസ് ഐസക്ക് പറഞ്ഞിരുന്നത്. എന്നാൽ പിന്നാലെയാണ് നിലപാട് മാറ്റം. നിലപാട് വിശദീകരിച്ച് അദ്ദേഹം കത്ത് നൽകും. നേരത്തെ, ‘ഇഡിയെ തനിക്ക് പേടിയില്ല. ഇഡിയെ ബിജെപി ആയുധമാക്കുകയാണ്.’ ബിജെപിക്ക് കേരളത്തിലെ വികസനം ഇഷ്ടപ്പെടുന്നില്ലെന്നായിരുന്നു തോമസ് ഐസക്ക് പറഞ്ഞത്.
കിഫ്ബി വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് ഇഡി അന്വേഷണം. ധനമന്ത്രിയായിരുന്ന ഐസക് കിഫ്ബി വൈസ് ചെയർമാനായിരുന്നു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് കിഫ്ബി സിഇഒ അടക്കമുള്ളവരെ ഇഡി ചോദ്യം ചെയ്തിരുന്നു.
Post Your Comments