കൊല്ലം: ജാതി അധിക്ഷേപ പരാതിയിൽ സിപിഐയിൽ കലഹം. പട്ടിക ജാതിക്കാരനായ മുൻ മണ്ഡലം സെക്രട്ടറിയുടെ ഓഫീസ് കാബിനും കസേരയും പുതിയ സെക്രട്ടറി ചുമതലയേൽക്കുന്നതിന് മുമ്പ് കഴുകിയെന്ന ആരോപണമാണ് കലഹത്തിലേക്ക് നയിച്ചത്. ഓഫീസിന്റെ താക്കോൽ വാങ്ങാതെ പൂട്ടു പൊളിച്ച് കതകു തുറക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. സിപിഐ കുന്നത്തൂർ മണ്ഡലം കമ്മറ്റി ഓഫീസായ ഭരണക്കാവിലെ പി ആർ ഭവനിലാണ് സംഭവം.
രണ്ടാം പിണറായി സർക്കാർ മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫംഗങ്ങളെ നിശ്ചയിച്ചപ്പോൾ ഭക്ഷ്യമന്ത്രി ജി ആർ അനിലിന്റെ പേഴ്സനൽ സ്റ്റാഫിൽ മണ്ഡലം സെക്രട്ടറിയെ നിയമിച്ചിരുന്നു. ഇതോടെ ജില്ലാ എക്സിക്യൂട്ടീവിലെ മുതിർന്ന അംഗത്തിന് മണ്ഡലം സെക്രട്ടറിയുടെ ചുമതല നൽകി. ഇദ്ദേഹം ചുമതലയേറ്റെടുക്കും മുമ്പ് കസേരയും കാബിനും കഴുകിയെന്നാണ് ആരോപണം.
പരാതി സിപിഐ പാർട്ടി സമ്മേളനത്തിലെത്തിയതോടെയാണ് വിവാദമായത്. അതേസമയം, കൊവിഡിനെ തുടർന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന ഓഫീസ് കെട്ടിടം ശുചീകരിക്കുകയാണ് ഉണ്ടായതെന്ന് പുതുതായി ചുമതലയേറ്റ മണ്ഡലം സെക്രട്ടറി സി. ജി ഗോപുകൃഷ്ണൻ പറഞ്ഞു.
Post Your Comments