കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന് മങ്കി പോക്സ് ലക്ഷണങ്ങൾ. യാത്രക്കാരനെ വിമാനത്താവളത്തിൽ നിന്ന് നേരെ ആലുവയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജിദ്ദയിൽ നിന്ന് പുലർച്ചെ കൊച്ചിയിൽ എത്തിയതായിരുന്നു ഇദ്ദേഹം. ഉത്തർപ്രദേശ് സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ സാമ്പിൾ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു.
മങ്കി പോക്സ് പിടിപെടാതിരിക്കാനുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ:
രോഗബാധിതനായ ഒരു വ്യക്തിയുമായി ദീർഘനേരം അല്ലെങ്കിൽ ആവർത്തിച്ചുള്ള സമ്പർക്കം ഉണ്ടെങ്കിൽ ആർക്കും മങ്കിപോക്സ് പിടിപെടാം. മങ്കിപോക്സ് ബാധിച്ച ഒരു രോഗിയുമായി സമ്പർക്കം പുലർത്തിയ കിടക്കകൾ പോലെയുള്ള ഏതെങ്കിലും വസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുക. രോഗബാധിതരുമായി സമ്പർക്കം പുലർത്തിയ ശേഷം കൈ ശുചിത്വം പാലിക്കുക. രോഗബാധിതരുടെ അടുത്ത് പോകുമ്പോൾ, മാസ്കുകളും ഡിസ്പോസിബിൾ കൈയ്യുറകളും ധരിക്കുക. പരിസര ശുചീകരണത്തിന് അണുനാശിനികൾ ഉപയോഗിക്കുക. മങ്കിപോക്സ് രോഗം ബാധിച്ചവർ ഉപയോഗിച്ച കിടക്ക, ടവ്വൽ എന്നിവ ഉപയോഗിക്കരുത്. മങ്കിപോക്സിന്റെ ലക്ഷണങ്ങൾ കണ്ടാൽ പൊതുപരിപാടികളിൽ പങ്കെടുക്കരുത്.
അതേസമയം, മങ്കിപോക്സ് പ്രതിരോധത്തിനുള്ള മാർഗ്ഗനിർദേശങ്ങൾ പുനഃപരിശോധിക്കാൻ ഇന്നലെ കേന്ദ്ര സർക്കാർ വിദഗ്ധരുടെ യോഗം ചേർന്നിരുന്നു. രാജ്യത്ത് ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു ആരോഗ്യ മന്ത്രാലയത്തിന്‍റെ നീക്കം. എമർജൻസി മെഡിക്കൽ റിലീഫ് ഡയറക്ടർ എൽ. സ്വാസ്തിചരണിന്‍റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നാഷണൽ എയ്ഡ് കൺട്രോൾ ഓർഗനൈസേഷനിലെയും, ലോകാരോഗ്യ സംഘടനയിലെയും ഉദ്യോഗസ്ഥർ പങ്കെടുക്കുകയും ചെയ്തു.
ഇന്നലെ ദില്ലിയിൽ ഒരു നൈജീരിയൻ സ്വദേശിക്ക് കൂടി മങ്കിപോക്സ് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു യോഗം വിളിച്ചു ചേർത്തത്. ദില്ലിയിൽ താമസിക്കുന്ന നൈജീരിയൻ സ്വദേശിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ദില്ലിയിൽ നാലും കേരളത്തിൽ അഞ്ചും പേർക്ക് മങ്കിപോക്സ് സ്ഥിരീകരിക്കുകയും രാജ്യത്താകെ ഒൻപത് രോഗികളാവുകയും ചെയ്തു.
Post Your Comments