ഗുരുഗ്രാം: ഗൈനക്കോളജി സംബന്ധമായ പ്രശ്‌നങ്ങൾക്ക് ചികിത്സ തേടിയെത്തിയ യുവതിയെ ദന്തഡോക്ടർ ചികിത്സിക്കുകയും, യുവതി മരിക്കുകയും ചെയ്ത കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. നാഗാലാൻഡിൽ നിന്നുള്ള എയർഹോസ്റ്റസ് ആയ യുവതിയാണ് മരിച്ചത്. ഡൽഹിയിലെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ വർഷം ജൂൺ 24നാണ് വിചിത്ര സംഭവം നടന്നത്. രക്തസ്രാവം ഉണ്ടായതിനാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയത്.
എന്നാൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിയ യുവതിയെ ദന്തഡോക്ടറാണ് പരിശോധിച്ചത്. ഇത് ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണെന്ന് സിബിഐയുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആൽഫ ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടർ ഡോ.അനുജ് ബിഷ്‌ണോയ്, ദന്തഡോക്ടറായ അഞ്ജലി ആഷിക് എന്നിവർക്കെതിരെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം സിബിഐ കേസെടുത്തത്.
കഴിഞ്ഞ ജൂൺ 24 നാണ് യുവതിയെ വയറിനുള്ളിൽ കഠിനമായ വേദനയും രക്തസ്രാവവും കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഡോക്ടർമാർ ആരും തന്നെ ഇവിടെ ഉണ്ടായിരുന്നില്ല. യുവതിയുടെ അവസ്ഥ മോശമാണെന്ന് ഡോ.അനൂജ് ബിഷ്‌ണോയിയെ അറിയിച്ചെങ്കിലും ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടർ ഇല്ലാത്തതിനാൽ, പരിശോധിക്കാനുള്ള ചുമതല ദന്തഡോക്ടർക്ക് നൽകുകയായിരുന്നു.
ഇയാൾ പരിശോധിച്ച് ചികിത്സ നിർദ്ദേശിക്കുകയും അൽപ്പസമയത്തിനുള്ളിൽ യുവതി മരിക്കുകയുമായിരുന്നു. തുടർ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാത്തതും ഗൗരവമേറിയ വിഷയമാണെന്നാണ് സിബിഐ ചൂണ്ടിക്കാണിക്കുന്നത്. സെക്ഷൻ 304ാം വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
Post Your Comments