
ലക്നൗ: വീണ്ടും ജനപ്രിയ പദ്ധതികളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലേയും ഒരു വ്യക്തിക്കെങ്കിലും സർക്കാർ ജോലി ഉറപ്പാക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഇതിനായി പ്രത്യേക പദ്ധതികൾ ആരംഭിക്കുമെന്നും ഒരാൾക്ക് പോലും ജോലിയില്ലാത്ത കുടുംബങ്ങളുടെ വിവരം ശേഖരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘സംസ്ഥാനത്തും കേന്ദ്രത്തിലുമുള്ള ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാർ യുവാക്കളുടെ കഴിവ് തിരിച്ചറിയുന്നതിനായി സ്കിൽ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ തുടങ്ങീ നിരവധി പദ്ധതികളാണ് ആരംഭിച്ചിട്ടുള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സർക്കാർ അഞ്ച് ലക്ഷം യുവാക്കൾക്കാണ് ജോലി നൽകിയത്. 60ലക്ഷത്തോളം ആളുകൾക്ക് സ്വയം തൊഴിലിനായി വായ്പ നൽകി’ യോഗി പറഞ്ഞു.
‘2015-16 വർഷത്തിൽ സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് 18 ശതമാനമായിരുന്നു. എന്നാൽ ഇന്നത് 2.7 ശതമാനമായിട്ടാണ് കുറഞ്ഞിരിക്കുന്നത്. 1 ട്രില്ല്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി മാറാനുള്ള നടപടികളാണ് ഉത്തർപ്രദേശ് സർക്കാർ ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്. ഇന്ത്യയെ അഞ്ച് ട്രില്ല്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി മാറ്റാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യത്തിലേക്കുള്ള വലിയ സംഭാവനയായിരിക്കും ഇത്.
നേരത്തെ സമ്പത്തിന്റെ കാര്യത്തിൽ യുപി രാജ്യത്ത് ആറാം സ്ഥാനത്തായിരുന്നു. എന്നാൽ ഇന്ന് രണ്ടാം സ്ഥാനത്താണുള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തിന്റെ വരുമാനം ഇരട്ടിയായി ഉയർന്നു. ജിഡിപിയിൽ നിന്നും മികച്ച വരുമാനം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments