തൃശ്ശൂർ: ചാവക്കാട് വള്ളം മറിഞ്ഞ് കാണാതായ രണ്ട് മത്സ്യതൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കരയ്ക്കടിഞ്ഞു. തിരുവനന്തപുരം പുല്ലൂർവിള സ്വദേശിയായ വർഗീസ് എന്ന മണിയന്റെ മൃതദേഹമാണ് കരക്കടിഞ്ഞത്. വലപ്പാട് കടപ്പുറത്താണ് മൃതദേഹം കണ്ടെത്തിയത്. ഇയാൾക്കൊപ്പം കാണാതായ ഗിൽബർട്ട് എന്നയാളുടെ മൃതദേഹം കണ്ടെടുത്തിട്ടില്ല.
തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് വള്ളം മറിഞ്ഞത്. ആഴക്കടൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുമ്പോൾ യന്ത്രം തകരാറായതിനെ തുടർന്ന് വള്ളം തിരയിൽപ്പെട്ട് മറിയുടയായിരുന്നു.
ബ്ലാങ്ങാട് ബീച്ചിൽ നിന്നാണ് ആറംഗ സംഘം കടലിൽ പോയത്. ചാവക്കാട് മുനക്കക്കടവ് അഴിമുഖത്തിനു സമീപത്ത് വെച്ചാണ് വള്ളം മറിഞ്ഞത്. തിരുവനന്തപുരം പുല്ലൂർവിള സ്വദേശികളായ സുനിൽ, വർഗീസ്, സെല്ലസ്, സന്തോഷ് എന്നിവർ നീന്തിക്കയറി രക്ഷപെട്ടു.
കാണാതായ മണിയൻ, ഗിൽബർട്ട് എന്നിവരെ കണ്ടെത്താനായി കൊച്ചിയിൽ നിന്നുള്ള ഹെലികോപ്റ്റർ വന്ന് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനാവാതെ തിരിച്ചുപോയിരുന്നു. കോസ്റ്റൽ ഗാർഡിൻറെ കപ്പലും തിരച്ചിലിനായി ഇറങ്ങിയിരുന്നു. കടൽ ക്ഷോഭം കൂടുതലായതിനാൽ ബോട്ടുകളിറക്കി അന്വേഷണം നടത്താനുമായില്ല.
Post Your Comments