KeralaLatest NewsIndia

സംസ്ഥാനത്ത് വീണ്ടും റെഡ് അലർട്ട്: മണിക്കൂറുകൾക്കുള്ളിൽ ചാലക്കുടി മുങ്ങും, അടിയന്തിരമായി ആളുകളെ മാറ്റി പാർപ്പിക്കുന്നു

തൃശൂർ: 6 മണിക്കൂറിനുള്ളിൽ ചാലക്കുടി മുങ്ങുമെന്ന് റിപ്പോർട്ട്. പറമ്പിക്കുളം ഡാമിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കി വിടുകയും ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്തതോടെ ചാലക്കുടി പുഴയിൽ വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണ്. പെരിങ്ങൽക്കുത്ത് ഡാമിൻ്റെ മൂന്ന് സ്ലൂയിസ് ഗേറ്റുകൾ രാവിലെ 7.30 ന് തുറന്നിരുന്നു. പറമ്പിക്കുളത്തു നിന്നുള്ള വെള്ളത്തിന്റെ അളവ് കൂടിയ സാഹചര്യത്തിലാണിത്. തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവർ സുരക്ഷിതസ്ഥാനങ്ങളിലേക്ക് എത്രയും പെട്ടെന്ന് മാറി താമസിക്കണമെന്നും എറണാകുളം ജില്ലാ കലക്ടർ അറിയിച്ചു.

പുഴയിലെ ജലം ഏത് സമയത്തും അപകടകരമായ സ്ഥിതിയിലേക്ക് ഉയരാമെന്ന സാഹചര്യമായതിനാല്‍ പുഴയുടെ ഇരു വശങ്ങളിലും താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദ്ദേശം അനുസരിച്ച് എത്രയും വേഗം മാറിത്താമസിക്കണം.  വെള്ളം ഉയര്‍ന്ന് ഒഴിപ്പിക്കല്‍ പ്രയാസകരമാവുന്ന സാഹചര്യം സൃഷ്ടിക്കരുത്. എല്ലാവരും മാറിത്താമസിക്കുന്നുവെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതോടെ, ആളുകളെ മാറ്റി പാർപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

ഡാം കൂടുതല്‍ തുറക്കുന്നതോടെ ചാലക്കുടി പുഴയില്‍ ഒന്നര മീറ്ററോളം വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. അതോടൊപ്പം വേലിയേറ്റ സമയം ആവുന്ന പക്ഷം കടലിലേക്ക് വെള്ളം ഒഴുകിപ്പോവാതിരിക്കാനും സാധ്യതയുണ്ട്. പീച്ചി ഡാമിൽ ജലനിരപ്പ് ഉയർന്നതിനാൽ ഷട്ടറുകൾ രാവിലെ 9 മണിയോടെ 2.5 സെ.മീ കൂടി ഉയർത്തി.  മണലി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ​ണമെന്നും അധികൃതർ അറിയിച്ചു. പുഴയിൽ 5 മുതൽ 10 സെ.മീ വരെ വെള്ളം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് നല്‍കിയിരിക്കുന്നത്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ടാണ്. കേരളത്തിന് മുകളിൽ അന്തരീക്ഷചുഴിയും മധ്യ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നതാണ് മഴ തുടരുന്നതിന് കാരണം.

കാലാവസ്ഥ മോശമായതിനെ തുടർന്ന് കരിപ്പൂരിലിറങ്ങാനാവാതെ ആറ് വിമാനങ്ങൾ നെടുമ്പാശേരിയിലറക്കേണ്ടി വന്നു. ഗൾഫ് എയറിന്റെ ഷാർജയിൽ നിന്നുള്ള വിമാനവും ബഹ്റൈനിൽ നിന്നുള്ള വിമാനവും ഖത്തർ എയർവേയ്സിന്റെ ദോഹയിൽ നിന്നുള്ള വിമാനവും എയർ ഇന്ത്യാ എക്സ്പ്രസിന്റെ അബുദാബിയിൽ നിന്നുള്ള വിമാനവും എയർ അറേബ്യയുടെ ഷാർജയിൽ നിന്നുള്ള വിമാനവുമാണ് നെടുമ്പാശേരിയിലിറങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button