ഹൂബ്ലി: ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ഹർ ഘർ തിരംഗ കാമ്പെയിനിൽ ആർ.എസ്.എസിനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 52 വർഷമായി ത്രിവർണ പതാക ഉയർത്തിയിട്ടില്ലാത്ത ആർ.എസ്.എസിൽ നിന്നും വന്നവരാണ് ഇന്ന് ഹർ ഘർ തിരംഗ കാമ്പെയ്‌ൻ നടത്തുന്നതെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. ഇതിന് ചരിത്രം സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച കർണാടകയിലെ ഹൂബ്ലി ജില്ലയിലെ ഖാദി വില്ലേജ് ഇൻഡസ്ട്രീസ് സന്ദർശിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘കർണ്ണാടകയിലെ ഹൂബ്ലിയിൽ സ്ഥിതി ചെയ്യുന്ന കർണാടക ഖാദി ഗ്രാമവ്യവസായത്തിൽ നമ്മുടെ ത്രിവർണ പതാക നെയ്യുന്ന എല്ലാ തൊഴിലാളികളെയും ഇന്ന് കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ത്രിവർണ പതാക ഉയർത്തിപ്പിടിക്കാൻ ലക്ഷക്കണക്കിന് രാജ്യക്കാർ ജീവൻ ബലിയർപ്പിച്ചു. എന്നാൽ, ഒരു സംഘടന മാത്രം ത്രിവർണ പതാക സ്വീകരിക്കാൻ വിസമ്മതിച്ചു. 52 വർഷമായി നാഗ്പൂരിലെ ആസ്ഥാനത്ത് ത്രിവർണ പതാക ഉയർത്താതെ അവർ തുടർച്ചയായി പതാകയെ അപമാനിച്ചു’, അദ്ദേഹം പറഞ്ഞു.
Also Read:മുഖം തിളങ്ങാന്‍ കറ്റാര്‍ വാഴയിലെ അരിപ്പൊടി പ്രയോഗം
‘ഇന്ന്, അതേ സംഘടനയിൽ നിന്ന് പുറത്തുവരുന്ന ആളുകൾ ത്രിവർണ പതാകയുടെ ചരിത്രം പറയുകയും ‘ഹർ ഘർ ത്രിവർണ’ പ്രചാരണം നടത്തുകയും ചെയ്യുന്നു’, കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു. ചൈനയിൽ നിന്ന് പതാകകൾ അനുവദനീയമാണോ? എന്നും രാഹുൽ പരിഹസിച്ചു.
52 വർഷമായി ആർഎസ്‌എസ് ആസ്ഥാനത്ത് ത്രിവർണ പതാക ഉയർത്താതിരുന്നത് എന്തുകൊണ്ടാണ്, ഖാദിയിൽ ദേശീയ പതാക നിർമ്മിക്കുന്നവരുടെ ഉപജീവനമാർഗം നശിപ്പിക്കുന്നത് എന്തുകൊണ്ട്, യന്ത്രം കൊണ്ട് നിർമ്മിച്ച പോളിസ്റ്റർ ഇറക്കുമതി ചെയ്യുന്നത് എന്തിനാണ്? രാഹുൽ ചോദിച്ചു.
ജവഹർ ലാൽ നെഹ്റു ദേശീയ പതാകയേന്തിയ ചിത്രം ആണ് നിലവിൽ രാഹുൽ ഗാന്ധിയുടെ പ്രൊഫൈൽ ഫോട്ടോ. രാജ്യത്തിന്റെ അഭിമാനം നമ്മുടെ ത്രിവർണ പതാകയാണെന്നും നമ്മുടെ ത്രിവർണ പതാക ഓരോ ഭാരതീയന്റെയും ഹൃദയത്തിലുണ്ടെന്നും അദ്ദേഹം കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരമായിരുന്നു രാഹുൽ ഗാന്ധി അടക്കമുള്ളവർ സോഷ്യൽ മീഡിയ പ്രൊഫൈൽ ഫോട്ടോ ദേശീയ പതാകയാക്കിയത്.
Post Your Comments