Latest NewsNews

5ജി വിപ്ലവത്തിനൊരുങ്ങി രാജ്യം, ഒക്ടോബര്‍ മുതല്‍ 5ജി സേവനം ആരംഭിക്കും

5 ജി സേവനം ആദ്യം ലഭ്യമാകുക ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗലൂരു, പൂനെ തുടങ്ങിയ നഗരങ്ങളില്‍

ന്യൂഡല്‍ഹി: സ്‌പെക്ട്രം ലേലം വന്‍ വിജയമായതോടെ, 5ജി വിപ്ലവത്തിന് തയ്യാറെടുത്ത് രാജ്യം. ഒക്ടോബര്‍ മാസം മുതല്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗലൂരു, പൂനെ തുടങ്ങിയ നഗരങ്ങളില്‍ 5ജി സേവനം ആരംഭിക്കുമെന്ന് കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

4ജിയേക്കാള്‍ 20 മടങ്ങ് വേഗതയാണ് 5ജിക്ക് പ്രതീക്ഷിക്കപ്പെടുന്നത്. അതായത് പരമാവധി 20 ജിബിപിഎസ് വേഗത 5ജിയില്‍ ഉണ്ടാകും. 4ജിയുടെ പരമാവധി വേഗത ഒരു ജിബിപിഎസ് ആണ്.

കണക്ടിവിറ്റിയില്‍ കാലതാമസം കുറവാണ് എന്നതും 5ജിയുടെ മറ്റൊരു പ്രധാന സവിശേഷതയാണ്. ബിസിനസ്സ് ആപ്പുകളുടേയും ഓണ്‍ലൈന്‍ ഗെയിമിംഗിന്റേയും വീഡിയോ കോണ്‍ഫറന്‍സിംഗിന്റേയും സ്വയം നിയന്ത്രിത വാഹനങ്ങളുടേയും പ്രവര്‍ത്തനക്ഷമത മറ്റൊരു നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 5ജിക്ക് സാധിക്കും.

വിതരണം ലളിതമാണ് എന്നത് 5ജിയുടെ ഏറ്റവും വലിയ ആകര്‍ഷക ഘടകങ്ങളില്‍ ഒന്നാണ്. ടവറുകള്‍ക്ക് പുറമെ കെട്ടിടങ്ങള്‍, തെരുവ് വിളക്കുകള്‍, പോസ്റ്റുകള്‍ എന്നിവയില്‍ ഘടിപ്പിക്കാവുന്ന ചെറിയ ആന്റിനകള്‍ വഴി വലിയ തോതില്‍ ഡേറ്റ കൂടുതല്‍ ഇടങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കും.

റിലയന്‍സ് ജിയോ ഇന്‍ഫോകോം, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍- ഐഡിയ, അദാനി ഗ്രൂപ്പ് എന്നിവരാണ് 5ജി ലേലത്തില്‍ സ്‌പെക്ട്രം സ്വന്തമാക്കിയിരിക്കുന്നത്. സൗജന്യ സിം കാര്‍ഡുകളിലൂടെയും 4ജി ഫീച്ചര്‍ ഫോണുകളിലൂടെയും പരിധിയില്ലാത്ത സൗജന്യ 4ജി സേവനങ്ങളിലൂടെയും വിപണിയില്‍ തരംഗം ഷ്ടിച്ച റിലയന്‍സ് ജിയോ ഇന്‍ഫോകോമില്‍ വലിയ പ്രതീക്ഷയാണ് ഉപഭോക്താക്കള്‍ വെച്ച് പുലര്‍ത്തുന്നത്. അദാനി ഗ്രൂപ്പിന്റെ ടെലികോം രംഗത്തേക്കുള്ള കടന്നു വരവും വിപ്ലവകരമായിരിക്കും എന്നാണ് ബിസിനസ്സ് രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

വിപണിയില്‍ ജിയോയുമായി കടുത്ത മത്സരം കാഴ്ചവെക്കുന്ന എയര്‍ടെലും ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വലിയ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതായാണ് വിവരം. ലയനത്തിന് ശേഷം ക്രമാനുഗതമായി സേവന ഗുണനിലവാരം വര്‍ദ്ധിപ്പിക്കുകയും പാക്കേജുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കി കൊണ്ടിരിക്കുകയും ചെയ്യുന്ന വോഡഫോണ്‍- ഐഡിയയും മികച്ച മത്സരം കാഴ്ചവെക്കും എന്നത് ഉറപ്പാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button