ഷാംലി: ഉത്തർപ്രദേശിലെ ഷാംലിയിലെ സഹോദരിമാരായ ടാനിയയും ലതിക ബൻസാലും തങ്ങളുടെ അമ്മയ്ക്ക് നീതി ലഭിക്കുന്നതിനായി പോരാടിയത് 6 വർഷമാണ്. അമ്മ അനു ബൻസാലിന് സംഭവിച്ചത് കേട്ടാൽ ആരായാലും ഞെട്ടിപ്പോകും. ഭർത്താവ് മനോജ് ബൻസാൽ അനുവിനെ അതിക്രൂരമായി ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു. കണ്മുന്നിലിട്ട് അച്ഛൻ അമ്മയെ ചുട്ടുകൊല്ലുന്നത് കാണേണ്ടി വന്നതിന്റെ പിടപ്പ് പെൺമക്കൾക്ക് ഇപ്പോഴുമുണ്ട്. സംഭവം നടക്കുമ്പോൾ ടാനിയയ്ക്ക് 12 ഉം, ലതികയ്ക്ക് 14 ഉം വയസായിരുന്നു. 6 വർഷത്തെ നിരന്തര പോരാട്ടത്തിനൊടുവിൽ കൊലപാതകി മനോജിന് ജീവപര്യന്തം ശിക്ഷ ലഭിച്ചിരിക്കുകയാണ്.
2016 ജൂൺ 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മനോജും സംഘവും അനുവിനെ ജീവനോടെ ചുട്ടുകരിക്കുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റ അനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനു ജൂൺ 20 ന് മരണമടയുകയായിരുന്നു. അനുവിന്റെ അമ്മയായിരുന്നു മനോജിനെതിരെ കേസ് ഫയൽ ചെയ്തത്. പെണ്മക്കളെ വളർത്തിയതും അനുവിന്റെ അമ്മ തന്നെയായിരുന്നു. കേസിന്റെ കാലയളവിൽ പലതവണ മക്കളെ സ്വാധീനിക്കാൻ മനോജ് ശ്രമിച്ചിരുന്നു. നടക്കാതെ വന്നപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
Also Read:ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു: ഇടുക്കി ഡാമിൽ ബ്ലൂ അലേർട്ട്
ആൺകുട്ടിയെ പ്രസവിച്ചില്ലെന്ന് പറഞ്ഞായിരുന്നു മനോജ് അനുവിനെ കൊലപ്പെടുത്തിയത്. 2000 ലാണ് മനോജ് ബൻസാൽ അനുവിനെ വിവാഹം ചെയ്തത്. രണ്ടു പെൺമക്കൾ ജനിച്ച ശേഷം ആൺകുട്ടിക്കായി ആഗ്രഹിച്ച ഇവർക്ക് മൂന്നാമത് ജനിക്കാൻ പോകുന്നതും പെൺകുട്ടി ആണെന്ന് മനസിലാക്കിയ മനോജ് ഈ കുട്ടിയെ അബോർഷൻ ചെയ്യിച്ചു. ഇതിനു ശേഷം അഞ്ച് തവണ അനു ഗർഭിണിയായി. ലിംഗനിർണയ പരിശോധനയിൽ പെൺകുട്ടിയാണെന്നു കണ്ടതോടെ അഞ്ചു തവണയും ഗർഭച്ഛിദ്രം നടത്തി. ആൺകുട്ടിക്ക് ജന്മം നൽകാത്തതിന്റെ പേരിൽ മനോജിന്റെ കുടുംബവും അനുവിനെ നിരന്തരം ഉപദ്രവിക്കുമായിരുന്നു.
‘ആൺകുട്ടിയെ പ്രസവിച്ചില്ലെന്നു പറഞ്ഞ് അച്ഛനാണ് അമ്മയെ കൊലപ്പെടുത്തിയത്. വളരെ ബുദ്ധിമുട്ടിയാണ് അമ്മ ഞങ്ങളെ വളർത്തിയത്. എന്നിട്ടും അച്ഛൻ ജീവനോടെ അമ്മയെ ചുട്ടുകൊന്നു. ഞങ്ങൾക്ക് അയാൾ വെറും ചെകുത്താൻ മാത്രമാണ്. അച്ഛനും മറ്റാളുകളും ചേർന്ന് അമ്മയെ ചുട്ടുകൊല്ലുമ്പോൾ ഞങ്ങളെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. അമ്മയെ അവർ കൊല്ലുന്നതിന് ഞങ്ങൾ സാക്ഷികളാണ്’, ടാനിയയും ലതികയും കണ്ണീരോടെ പറയുന്നു.
Post Your Comments