Latest NewsNewsInternational

സെയ്ഫ് അൽ-അദൽ – സവാഹിരിയുടെ പിൻഗാമി, അൽ ഖ്വയ്ദയുടെ അടുത്ത തലവൻ: മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലെ പ്രമുഖൻ

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ നടത്തിയ യു.എസിന്റെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത് അൽ ഖ്വയ്ദ നേതാവ് അയ്മൻ അൽ സവാഹിരിയാണ്. സവാഹിരിയുടെ കൊലപാതകത്തിന് പിന്നാലെ ആര് സംഘടനയെ നയിക്കുമെന്ന ചോദ്യമുയർന്നിരുന്നു. സെയ്ഫ് അൽ-അദൽ അടുത്ത തലവനാകുമെന്ന് റിപ്പോർട്ട്. സവാഹിരിയുടെ പിൻഗാമിയായി ഇയാളെ ഇതിനോടകം തീവ്രവാദ സംഘടനയുടെ വിദഗ്ധ സമിതി ‘നാമനിർദ്ദേശം’ ചെയ്തതായാണ് റിപ്പോർട്ട്.

2011-ൽ അൽ ഖ്വയ്ദയുടെ സ്ഥാപകൻ ഒസാമ ബിൻ ലാദൻ കൊല്ലപ്പെട്ടതിന് ശേഷം തീവ്രവാദി ഗ്രൂപ്പിന് ഏറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു സവാഹിരിയുടെ കൊലപാതകം. 9/11 ന് അമേരിക്കയിൽ കൊല്ലപ്പെട്ട 3,000 പേരുടെ കുടുംബങ്ങൾക്ക് നീതി ലഭിച്ചെന്ന് എഴുതി അമേരിക്കൻ മാധ്യമങ്ങൾ സവാഹിരിയുടെ കൊലപാതകം ആഘോഷമാക്കി. 2001 സെപ്തംബർ 11 ലെ ആക്രമണത്തിന്റെ സൂത്രധാരനും ലോകത്തിലെ ‘വാണ്ടഡ്’ ഭീകരരിൽ ഒരാളുമായിരുന്നു സവാഹിരി. ഇയാളുടെ കാലം അവസാനിച്ചതോടെ, അടുത്ത നേതാവിന്റെ സ്ഥാനാരോഹണം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

2011 മുതൽ ലാദന്റെ പിൻഗാമിയായ സവാഹിരിയായിരുന്നു അൽ ഖ്വയ്ദയെ നയിച്ചിരുന്നത്. സവാഹിരിയുടെ കൊലപാതകത്തോടെ, ഭീകരസംഘം കടുത്ത പിന്തുടർച്ച പ്രതിസന്ധി അഭിമുഖീകരിക്കുമെന്ന റിപ്പോർട്ടും ഇതിനിടെ പുറത്തുവരുന്നുണ്ട്. മിഡിൽ ഈസ്റ്റ് ഇൻസ്റ്റിറ്റിയൂട്ടിന്റെ റിപ്പോർട്ടനുസരിച്ച്, സംഘടനയെ ഇനി നയിക്കുക സെയ്ഫ് അൽ-അദലായിരിക്കും. ഈജിപ്ഷ്യൻ മുൻ സൈനിക ഉദ്യോഗസ്ഥൻ ആയ സെയ്ഫ് അൽ ഖ്വയ്ദയുടെ സ്ഥാപക അംഗമാണ്.

യു.എസ് രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നതനുസരിച്ച് 1980 കളിൽ സെയ്ഫ് ഭീകര സംഘടനയായ മക്തബ് അൽ-ഖിദ്മത്തിൽ ചേർന്നിരുന്നു. ഈ കാലയളവിൽ ഇയാൾ ബിൻ ലാദനെയും അയ്മൻ അൽ സവാഹിരിയെയും കണ്ടുമുട്ടുകയും അവരുടെ ഈജിപ്ഷ്യൻ ഇസ്ലാമിക് ജിഹാദിൽ (EIJ) ചേരുകയും ചെയ്തു. 1980 കളിൽ അഫ്ഗാനിസ്ഥാനിൽ റഷ്യൻ സൈന്യത്തോടും സെയ്ഫ് പോരാടിയിരുന്നു. ഒരു കാലത്ത് ഒസാമ ബിൻ ലാദന്റെ സുരക്ഷാ മേധാവി കൂടിയായിരുന്നു സെയ്ഫ് അൽ-അദൽ. ബിൻ ലാദന്റെ മരണശേഷം അൽ-അദേൽ ഒരു പ്രധാന തന്ത്രജ്ഞനായി ഉയർന്നുവന്നതായി നിരവധി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

സൊമാലിയയിലെ മൊഗാദിഷുവിൽ യു.എസ് സേനയ്ക്ക് നേരെ ആക്രമണം നടത്തിയ സെയ്ഫ് അൽ-അദലിനെ 1993 മുതൽ യു.എസ് സേന തിരയുന്നതായി എ.ബി.സി ന്യൂസിലെ ഒരു പഴയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. കുപ്രസിദ്ധമായ ‘ബ്ലാക്ക് ഹോക്ക് ഡൗൺ’ സംഭവത്തിൽ 18 അമേരിക്കക്കാർ ആണ് കൊല്ലപ്പെട്ടത്. അന്ന് അൽ-ആദലിന് 30 വയസ്സായിരുന്നു. ഇന്ന് ഏകദേശം 60 വയസിനോടടുത്ത് ആണ് സെയ്ഫിന്റെ പ്രായം. 2001 മുതൽ എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് പൗരന്മാരെ കൊല്ലാനുള്ള ഗൂഢാലോചന, കൊലപാതകം, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ കെട്ടിടങ്ങളും സ്വത്തുക്കളും നശിപ്പിക്കുക, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ദേശീയ പ്രതിരോധ യൂട്ടിലിറ്റികൾ നശിപ്പിക്കുക എന്നിങ്ങനെയുള്ള കേസുകളിലാണ് സെയ്ഫിനെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 001ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം സെയ്ഫ് പുറത്തേക്ക് അധികം ഇറങ്ങിയിട്ടില്ല.

ഒരിക്കൽ സ്വന്തം മരണത്തെ വീട്ടുകാരെക്കൊണ്ടു പോലും വിശ്വസിപ്പിച്ചു മുങ്ങി ഭീകരതയ്ക്കൊപ്പം ചേർന്നവനാണ് സെയ്ഫ്. ഇന്ന് യുഎസിനു പോലും അറിയില്ല ഇയാൾ എവിടെയാണെന്ന്. മറ്റു ഭീകരസംഘടനകൾ പോലും ചെയ്യാതെ മാറിനിൽക്കുന്ന തരം ആക്രമണങ്ങൾക്കു നേതൃത്വം കൊടുക്കുന്നവൻ. മനഃസ്സാക്ഷിയില്ലാത്തവനെന്ന് അൽ ഖ്വയ്ദ അംഗങ്ങൾ തന്നെ വിളിക്കുന്നയാൾ. ടാൻസാനിയയിലെ ഡാർ എസ് സലാം, കെനിയയിലെ നെയ്‌റോബി എന്നിവിടങ്ങളിലെ യുഎസ് എംബസികൾക്ക് നേരെ ബോംബെറിഞ്ഞപ്പോൾ 250 ഓളം നിരപരാധികളുടെ മരണത്തിന് ഉത്തരവാദി സെയ്ഫ് അൽ-അദ്‌ൽ ആയിരുന്നു.

തീവ്രവാദ ഗ്രൂപ്പിന്റെ നേതാവായി സെയ്ഫ് തിരഞ്ഞെടുക്കപ്പെട്ടാൽ, തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് യെമൻ മുതൽ വടക്കേ ആഫ്രിക്ക വരെ വ്യാപിച്ചുകിടക്കുന്ന വിദൂര അൽ-ഖ്വയ്ദ അനുബന്ധ സംഘടനകളുമായി സെയ്ഫിന് ബന്ധം ശക്തിപ്പെടുത്തേണ്ടിവരും. ഈ അഫിലിയേറ്റുകൾ പ്രാദേശികമായി കേന്ദ്രീകൃതമായ ജിഹാദിസ്റ്റ് സംഘടനകളാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഖൊറാസാൻ വിംഗ് പോലുള്ള ആക്രമണാത്മക തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നും ഇയാൾ വെല്ലുവിളികൾ നേരിടുന്നുമുണ്ട്. സവാഹിരിക്ക് ഉണ്ടായിരുന്നതുപോലെ താലിബാൻ ഭരണകൂടത്തിന്റെ പിന്തുണ സെയ്ഫിന് ലഭിക്കുമോ എന്ന് വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button