ബെംഗളൂരു: രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് ആശംസിച്ച് കർണാടകയിലെ ലിംഗായത്ത് മഠാധിപതി. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രാഹുൽ, സംസ്ഥാനത്ത് നടത്തിയ സന്ദർശനത്തിന്റെ ഭാഗമായി ചിത്രദുർഗയിലെ ശ്രീ മുരുഗരാജേന്ദ്ര മഠത്തിലുമെത്തിയിരുന്നു. ഇവിടെ വെച്ച് മഠത്തിലെ ഹവേരി ഹൊസമഠം സ്വാമി രാഹുലിനെ ആശംസിക്കുകയായിരുന്നു. രാഹുൽ പ്രധാനമന്ത്രി ആകും എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
2023ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് കർണാടകയിലെ പാർട്ടി നേതാക്കളോട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിർദ്ദേശം നൽകിയിരുന്നു. പാർട്ടി നേതൃത്വങ്ങളെ കുറിച്ചും ആഭ്യന്തര കാര്യങ്ങളെ കുറിച്ചും പരസ്യമായി അഭിപ്രായങ്ങൾ പറയരുതെന്ന് അദ്ദേഹം നേതാക്കളോട് നിർദ്ദേശിച്ചു. കർണാടക ഘടകത്തിന്റെ രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ പങ്കെടുത്ത ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘കേന്ദ്രത്തിലേയും സംസ്ഥാനത്തേയും ബി.ജെ.പി നേതൃത്വത്തിനെതിരെ പാർട്ടി ഒറ്റക്കെട്ടായി ശക്തമായി മുന്നോട്ട് പോകും. ബി.ജെ.പിയെ പരാജയപ്പെടുത്തി അധികാരം പിടിക്കണം. കർണാടകയിലെ മുഴുവൻ പാർട്ടി നേതാക്കളും ഇതിന് വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കണം. നേതാക്കൾ ഒരു കാരണവശാലും വ്യത്യസ്ത അഭിപ്രായങ്ങൾ പങ്കുവയ്‌ക്കരുത്. മാധ്യമങ്ങൾ എല്ലായിടത്തുമുണ്ട്. അറിയാതെ പോലും ഒന്നും സംസാരിക്കരുത്. മാധ്യമങ്ങളുടെ കെണിയിൽ വീഴരുത്’, രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം, കർണാടകയിലെ ജനസംഖ്യയുടെ 17 ശതമാനത്തോളം വരുന്ന ലിംഗായത്തുകൾ പരമ്പരാഗതമായി ബി.ജെ.പി വോട്ടർമാരാണ്. രാഹുലിന്റെ സന്ദർശനത്തോടെ, പാർട്ടിക്കുള്ളിലും പുറത്തും തങ്ങളുടെ പ്രവർത്തനം വിശാലമാക്കാനും ഐക്യം പ്രകടിപ്പിക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. 2013 മുതൽ 2018 വരെ അധികാരത്തിലിരുന്ന ശേഷം, 2018 ലെ തിരഞ്ഞെടുപ്പിന് ശേഷം ജനതാദളുമായി (സെക്കുലർ) പങ്കാളിത്തത്തോടെ കോൺഗ്രസ് ഹ്രസ്വകാലത്തേക്ക് സർക്കാർ രൂപീകരിച്ചു. സഖ്യത്തിൽ നിന്നുള്ള നിരവധി എംഎൽഎമാർ രാജിവെച്ച് ഒരു വർഷത്തിനുള്ളിൽ ജെഡിഎസ് നേതാവ് എച്ച്‌ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ആ സർക്കാർ തകർന്നു. അതിനുശേഷം ബി.ജെ.പി വീണ്ടും സംസ്ഥാനത്ത് ഭരണത്തിലെത്തി.
Post Your Comments