ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറിച്ച് നമ്മള് എപ്പോഴും കേള്‍ക്കാറുണ്ട്. യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതും മൂലം പലപ്പോഴും അപകടകരമാകുന്നതാണ് ഉയര്‍ന്ന ബിപി നെഞ്ചുവേദന, തലവേദന, മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത്, ശ്വസിക്കാൻ പ്രയാസമുണ്ടാകുക, മങ്ങിയ കാഴ്ച തുടങ്ങിയവയാണ് പൊതുവേയുള്ള ലക്ഷണങ്ങള്‍. മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്റെ ഉപയോഗം, അമിതവണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്ട്രോക്ക് പോലെയുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങളും പിടിപെടാം.
ബിപി കുറയുന്നതിന്റെ ലക്ഷണങ്ങള്‍ പലരും നിസാരമായാണ് കാണാറുള്ളത്. രക്തസമ്മർദം 90/60 ലും താഴെ വരുമ്പോഴാണ് ഹൈപ്പോടെൻഷൻ എന്ന അവസ്ഥയായി കണക്കാക്കുന്നത്. തലകറക്കം, വീഴാൻ പോകുന്നപോലെ തോന്നൽ, ദാഹം, ക്ഷീണം ഇവയൊക്കെയാണ് ബിപി കുറയുന്നതിന്റെ പ്രധാന ലക്ഷണങ്ങൾ. രക്തസമ്മര്‍ദ്ദം താഴാന്‍ പല കാരണങ്ങളുണ്ട്. അതിലൊന്നാണ് ശരീരത്തില്‍ ജലാംശം കുറയുന്നത്. അതിനാല്‍ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.
രക്തം നഷ്ടമാകുമ്പോള്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍, പരിക്കുകള്‍, അലര്‍ജി, എന്‍ഡോക്രെയ്ന്‍ രോഗങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങള്‍ മൂലവും രക്തസമ്മര്‍ദ്ദം കുറയാം. ചില തരം അലർജികൾ, ചില മരുന്നുകൾ തുടങ്ങിയവയും ഇതിനു കാരണമാകാം. പ്രഷർ കുറഞ്ഞാൽ തലയിലേക്കു മാത്രമല്ല ശരീരത്തിന്റെ വിവിധ അവയവങ്ങളിലേക്കും രക്തമൊഴുക്കു കുറയും. അത് ഹൃദയത്തിന്റെ പ്രവർത്തനത്തെയും വൃക്കയുടെയുമൊക്കെ തകരാറുകൾക്കും കാരണമാകാം. അതിനാല്‍ ബിപി കുറയുന്നത് നിസാരമായി കാണരുത്.
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളതുകൊണ്ട് ബിപി കുറവാണെന്ന് സ്വയം സ്ഥിരീകരിക്കരുത്. ഈ ലക്ഷണങ്ങളുള്ളവര്‍ ഡോക്ടറുടെ സേവനം തേടി കൃത്യമായ പരിശോധനകള്‍ നടത്തുകയാണ് വേണ്ടത്.
Post Your Comments