
ന്യൂഡൽഹി: രക്ഷാബന്ധൻ ദിനത്തിൽ സഹോദരിക്ക് ഇലക്ട്രിക് സ്‌കൂട്ടർ സമ്മാനമായി നൽകാൻ വേണ്ടി നിരവധി ഇടങ്ങളിൽ മോഷണം നടത്തി സഹോദരൻ. ഒന്നിലധികം മോഷണക്കേസുകളിൽ പ്രതിയായ യുവാവ് ആണ് പോലീസിനോട് കുറ്റസമ്മതം നടത്തിയിരിക്കുന്നത്. ജൂലൈ 7 ന് സുൽത്താൻപുരി പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
രോഹിണി സ്വദേശിയായ തരുൺ എന്ന 21കാരനെയാണ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ബൈക്കും മൂന്ന് മൊബൈൽ ഫോണുകളും ഇയാളിൽ നിന്ന് കണ്ടെടുത്തു. ഔട്ടർ ഡൽഹി സോണിലെ സീനിയർ പോലീസ് ഓഫീസർ സമീർ ശർമ്മയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്.
സുൽത്താൻപുരി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു വീട്ടിൽ മോഷണത്തിന് ശ്രമിച്ചെങ്കിലും വീട്ടുടമ കൃത്യസമയത്ത് എത്തിയതോടെ ശ്രമം പാളി. തരുൺ ഓടിരക്ഷപ്പെട്ടെങ്കിലും ഇയാളുടെ മൊബൈൽ ഫോൺ ഇടയ്ക്ക് കൈയ്യിൽ നിന്നും വീണ് പോയി. ഇതാണ് അന്വേഷണ സംഘത്തിന് പിടിവള്ളിയായത്. വിജയ് വിഹാറിൽ നിന്ന് ഇരുചക്ര വാഹനം മോഷ്ടിച്ചത് സഹോദരിക്ക് രാഖി സമ്മാനമായി ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നതിന് വേണ്ടിയാണെന്ന് തരുൺ പറഞ്ഞതായി പോലീസ് വക്തമാക്കി.
Post Your Comments