കണ്ണൂര്‍: കര്‍ണാടകയിലെ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായി. പാറാല്‍ സ്വദേശി ആബിദാണ് പിടിയിലായത്. കര്‍ണാടക പോലീസാണ് തലശ്ശേരിയില്‍ നിന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
Read Also: ഡിഎൽഎഫ്: ജൂൺ പാദത്തിലെ അറ്റാദായം കുതിച്ചുയർന്നു
കീഴന്തിമുക്കിലെ ഉദയ ചിക്കന്‍ സെന്ററില്‍ ജോലി ചെയ്തുവരികയാണ് ഇയാള്‍. ആബിദിന്റെ വീട്ടില്‍ കര്‍ണാടക പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡിയില്‍ എടുത്തത്. തീവ്രവാദ സ്വഭാവമുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലെ അംഗമാണ് ആബിദ്. കൃത്യത്തില്‍ ഇയാള്‍ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് സൂചന.
പ്രവീണ്‍ നെട്ടാരു കൊല്ലപ്പെടുന്ന ദിവസം ആബിദ് മംഗലാപുരത്ത് എത്തിയതിനുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഇയാള്‍ മംഗലാപുരത്ത് എത്തിയതായും, പ്രവീണ്‍ കൊല്ലപ്പെട്ടതിന് ശേഷം കാറില്‍ തിരികെ കേരളത്തിലേക്ക് കടന്നതായും പോലീസിന് വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആബിദിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചത്.
നാലംഗ സംഘമാണ് പ്രവീണിനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്. ഇതില്‍ ആബിദിന് പുറമേ മറ്റ് മൂന്ന് പേര്‍ കൂടിയുണ്ട്. ഇവരും മലയാളികളാണെന്നാണ് പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം. ഇവര്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ്.
Post Your Comments