തിരുവനന്തപുരം: സംസ്ഥാനത്തെങ്ങും മയക്കുമരുന്ന് വേട്ട. ഏഴുലക്ഷം രൂപ വില വരുന്ന എം.ഡി.എം.എയുമായി നാലംഗ സംഘം ആക്കുളത്ത് പൊലീസ് പിടിയിലായി. തിരുവനന്തപുരം ആക്കുളത്ത് വീട് കേന്ദ്രീകരിച്ച് വില്‍പ്പന നടത്തി വരുന്ന സംഘമാണ് അറസ്റ്റിലായത്. പോലീസ് പിടികൂടിയപ്പോൾ ഇവർ പൊട്ടിക്കരയുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. 24 മണിക്കൂറിനിടെ പിടിയിലാകുന്ന മൂന്നാമത്തെ സംഘമാണിത്. നേരത്തെ പന്തളം, കൊച്ചി എന്നിവടങ്ങളിൽ നിന്നായി രണ്ട് സംഘത്തെ പിടികൂടിയിരുന്നു.
പന്തളത്ത് ലോഡ്ജില്‍ നിന്ന് നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവതി ഉള്‍പ്പെടെ അഞ്ച് പേര്‍ ആയിരുന്നു അറസ്റ്റിലായത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് സംഘവും പന്തളം പോലീസും ചേര്‍ന്ന് റെയ്ഡിലാണ് 154 ഗ്രാം എം.ഡി.എം.എയുമായി അഞ്ച് പേര്‍ പിടിയിലായിരിക്കുന്നത്. അടൂര്‍ പറക്കോട് സ്വദേശി രാഹുല്‍ ആര്‍(29), കൊല്ലം കുന്നിക്കോട് സ്വദേശിനി ഷാഹിന(23), അടൂര്‍ പള്ളിക്കല്‍ പെരിങ്ങനാട് സ്വദേശി ആര്യന്‍(20), പന്തളം കുടശനാട് സ്വദേശി വിധു കൃഷ്ണന്‍(20), കൊടുമണ്‍ സ്വദേശി സജിന്‍(20) എന്നിവരാണ് പിടിയിലായത്.
ഇതിനു പിന്നാലെ കൊച്ചിയിലും അഞ്ചംഗ സംഘം അറസ്റ്റിലായിരുന്നു. മയക്കുമരുന്നുമായി ലോഡ്ജിൽ താമസിച്ചിരുന്ന അഞ്ച് പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. ലക്ഷദ്വീപ് കല്‍പേനി സ്വദേശികളായ മുഹമ്മദ് താഹിര്‍ ഹുസൈന്‍ (24), നവാല്‍ റഹ്മാന്‍ (23), സി.പി. സിറാജ് (24), ചേര്‍ത്തല എഴുപുന്ന സ്വദേശിനി സോനു സെബാസ്റ്റിയൻ (23), തൃശ്ശൂര്‍ അഴീക്കോട് സ്വദേശി അല്‍ത്താഫ് (24) എന്നിവരെയാണ് നര്‍ക്കോട്ടിക് സെല്‍ എ.സി.പി.ക്ക് കീഴിലുള്ള ഡാന്‍സാഫ് സംഘം പിടികൂടിയത്.
Post Your Comments