Latest NewsNewsLife Style

കര്‍ക്കിടകക്കാലത്തെ മുക്കുറ്റിച്ചാന്തിന് പുറകില്‍

 

കര്‍ക്കിടകം പൊതുവേ പല ആചാരങ്ങളുടേയും കാലം കൂടിയാണ്. തോരാമഴയെന്ന് പൊതുവേ കരുതപ്പെടുന്ന കാലം. രോഗങ്ങളുടെ കാലം, രാമായണ കാലം. ഹൈന്ദവരെ സംബന്ധിച്ചിടത്തോളം ആത്മീയകാലമായി കണക്കാക്കപ്പെടുന്ന ഇത് പല തരത്തിലെ ആചാരാനുഷ്ഠാനങ്ങളുടേയും കാലഘട്ടം കൂടിയാണ്. ഇത്തരം ആചാരങ്ങളുടെ ഭാഗമായി കര്‍ക്കിടക മാസത്തില്‍ ആദ്യ ഏഴു ദിവസങ്ങളില്‍ മുക്കുറ്റിയെന്ന ചെറുസസ്യത്തിന്റെ ചാറെടുത്ത് നെറ്റിയില്‍ തൊടുന്ന ശീലമുണ്ട്. മുക്കുറ്റിച്ചാന്ത് എന്നും മുക്കുറ്റിപ്പൊട്ട് എന്നുമെല്ലാം വിശേഷിപ്പിയ്ക്കുന്ന ഇത് വെറും ആചാരത്തിന്റെ ഭാഗമായി മാത്രം തൊടുന്നതല്ല. ആരോഗ്യപരമായ കാരണങ്ങളാല്‍ കൂടിയാണ്. കാരണം ഏറെ ഔഷധ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നിലംപറ്റി വളരുന്ന ഈ ചെടിയില്‍ അടങ്ങിയിട്ടുള്ളത്. ഹോമങ്ങളില്‍ ഇത് ഉപയോഗിയ്ക്കാറുണ്ട്. ഇതിന്റെ പുക നല്‍കുന്ന ആരോഗ്യ ഗുണം കൂടി കണക്കിലെടുത്താണിത്.

 

ആയുര്‍വേദം അനുശാസിയ്ക്കുന്ന പച്ചമരുന്നുകളില്‍ പ്രധാന സ്ഥാനമുള്ള ഒന്നാണിത്. ശരീരത്തിലെ വാത, പിത്ത, കഫ ദോഷങ്ങള്‍ നീക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. ഇവ ബാലന്‍സ് ചെയ്താല്‍ തന്നെ രോഗ വിമുക്തി നേടാം. ഇതിനു സഹായിക്കുന്ന, ശരീരത്തിന് തണുപ്പു നല്‍കുന്ന ഒന്നാണു മുക്കുറ്റി. ഇത് അരച്ച് തിരുനെറ്റിയില്‍ തൊടുമ്പോള്‍ ഈ ഭാഗത്തെ നാഡികളെ ഇത് ഉദ്ദീപിപ്പിയ്ക്കുന്നു. ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നു. രോഗകാലം കൂടിയായി കണക്കാക്കപ്പെടുന്ന കര്‍ക്കിടകത്തില്‍ ശരീരത്തിന് പ്രതിരോധം നല്‍കാന്‍ കൂടിയുള്ള ഒരു കാര്യമായി മുക്കുറ്റിച്ചാന്തിനെ കാണാം. അസുഖങ്ങള്‍ അനുസരിച്ച് സമൂലം അതായത് വേരോടു കൂടിയ മുഴുവന്‍ ഭാഗങ്ങളും അല്ലെങ്കില്‍ ഇലയോ പൂവോ മാത്രമായോ ഉപയോഗിയ്ക്കാം. ലൈംഗിക രോഗങ്ങള്‍ക്ക് ഇത് പാല്‍ക്കഷായമായി ഉപയോഗിയ്ക്കാം.

 

മഴക്കാല രോഗങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ഉത്തമമായ മരുന്നാണ് മുക്കുറ്റി. പനി കാരണമുള്ള തലച്ചൂടും വേദനയും കുറയ്ക്കാന്‍ ഇതരച്ച് നെറ്റിയില്‍ ഇടാം. ഇതിട്ടു തിളപ്പിച്ച വെള്ളം കഫക്കെട്ട് ഒഴിവാക്കും. തേനില്‍ മുക്കുറ്റിനീര് കലര്‍ത്തി കുടിയ്ക്കുന്നത് കഫക്കെട്ടിനും ജലദോഷത്തിനും മരുന്നാണ്. മുക്കുറ്റി അരച്ചത് കരിക്കിന്‍ വെള്ളത്തില്‍ കലര്‍ത്തി കഴിയ്ക്കുന്നത് ആസ്തമയ്ക്കുള്ള നല്ലൊരു മരുന്നാണ്. വിട്ടുമാറാത്ത ചുമക്ക് മുക്കുറ്റി ചതച്ച് അതിൽ ഒരു സ്പൂൺ തേൻ മിക്സ് ചെയ്ത് കഴിച്ചാൽ മതി. വിഷ ജീവികളുടെ കടിയേറ്റിടത്ത് മുക്കുറ്റി അരച്ചിടുന്നത് നല്ലതാണ്. മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്കും ഇത് നല്ലതാണ്. ഇതിന്റെ വേര് അരച്ചു കഴിയ്ക്കുന്നത് ഇതിന് പരിഹാരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button