KeralaLatest NewsNews

വിദ്യാർത്ഥികളിൽ ശാസ്ത്രബോധവും യുക്തി ചിന്തയും വളരണം: മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: വൈജ്ഞാനിക അന്വേഷണത്തിലൂടെ ശാസ്ത്രബോധവും യുക്തിചിന്തയും വിദ്യാർത്ഥികളിൽ രൂപപ്പെടണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. സൈറ്റക് – സയന്റിഫിക് ടെമ്പർമെന്റ് ആൻഡ് അവയർനസ് ക്യാമ്പയിൻ എന്ന പേരിൽ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് മൂന്നുമാസം നീളുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള സന്ദർശന പരിപാടിയുടെ ഉദ്ഘാടനം തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Read Also: ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം: റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് മന്ത്രിമാർ ഫ്‌ളാഗ് ഓഫ് ചെയ്തു

കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയം- പ്രിയദർശിനി പ്ലാനറ്റോറിയത്തിലെ ശാസ്ത്രപഠനാവസരങ്ങൾ കൂടുതൽ വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഗവൺമെന്റ് സ്വീകരിക്കുന്നത്. ഡോക്ടർ ജഗദീഷ് ചന്ദ്രബോസ് ദിനമായ നവംബർ 30 മുതൽ ദേശീയ ശാസ്ത്രദിനമായ ഫെബ്രുവരി 28 വരെയാണ് സൈറ്റക് സംഘടിപ്പിക്കുന്നത്. നാലാം വ്യവസായ വിപ്ലവത്തിന്റെ കാലഘട്ടത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടിക്സും ഉൾപ്പെടുന്ന നവീന ഡിജിറ്റൽ മാറ്റങ്ങളെ ഉൾക്കൊള്ളാൻ നമുക്ക് കഴിയണം. ഭാവനയിലധിഷ്ഠിതമായ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉപേക്ഷിച്ച് മൂർത്തമായ ശാസ്ത്ര ബോധത്തിലൂടെയാണ് മനുഷ്യ സമൂഹം ഇന്ന് കാണുന്ന അവസ്ഥയിലെത്തിയത്. വിദ്യാഭ്യാസത്തിലും യുക്തിയിലുമധിഷ്ഠിതമായ ചിന്തകൾ പകർന്നു നൽകിയ നവോത്ഥാന നായകരുടെ മാതൃകയാണ് കേരളം പിൻതുടരേണ്ടത്. അടുത്തിടെയുണ്ടായ നരബലിയടക്കമുള്ള പ്രാകൃത അനാചരങ്ങൾ പ്രബുദ്ധ കേരളത്തിന് നാണക്കേടായി. അന്ധവിശ്വാസങ്ങൾക്കെതിരായ പ്രതിരോധം തീർക്കാൻ ശാസ്ത്ര ചിന്തകൾക്ക് മാത്രമാണ് കഴിയുക. ശാസ്ത്രീയ വിദ്യാഭ്യാസ മാതൃകകൾ സൃഷ്ടിച്ചും വിദ്യാർഥികളിൽ ശാസ്ത്ര ആഭിമുഖ്യം പ്രോത്സാഹിപ്പിച്ചും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പിന്നിട്ട അറുപത് വർഷങ്ങളിൽ മഹത്തായ സംഭാവനയാണ് കേരളത്തിന് നൽകിയത്. പരിഷത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള ആദരവെന്ന നിലയിലുമാണ് സൈറ്റെക് എന്ന പരിപാടി സംഘടിപ്പിക്കുന്നത്. യുവജനതയുടെ ശാസ്ത്രാഭിരുചി വളർത്തുന്ന സംസ്ഥാനത്തെ ഏറ്റവും പ്രധാന സ്ഥാപനമായ കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയം- പ്രിയദർശനി പ്ലാനിറ്റോറിയത്തിന്റെ പഠന സാധ്യതകൾ വിദ്യാർഥി സമൂഹം ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന് മന്ത്രി അറിയിച്ചു.

സ്‌കൂൾ പഠന യാത്രയുടെ ഭാഗമായി മണിക്കൂറുകൾ മാത്രമുള്ള സന്ദർശനത്തിനപ്പുറം വിദ്യാർത്ഥികൾ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തെ പ്രയോജനപ്പെടുത്തണം. വിദ്യാർഥികൾക്ക് ഇവിടുത്തെ ശാസ്ത്ര ഗാലറികളും പ്രദർശനങ്ങളും വിശദമായി കണ്ടതിനു ശേഷം സംശയനിവൃത്തി വരുത്തുന്നതിനുള്ള അവസരമൊരുക്കിയിട്ടുണ്ട്. തുടർന്ന് ഒരു മണിക്കൂർ നീണ്ട ശാസ്ത്രാവബോധക്ലാസും വിദഗ്ധ നേതൃത്വത്തിൽ ഇവർക്കായി ഒരുക്കുന്നുണ്ട്. അന്ധവിശ്വാസം, അശാസ്ത്രീയ ചിന്താരീതികൾ എന്നിവയ്ക്കെതിരെ അവബോധം നൽകുന്ന വിധത്തിലാണ് ശാസ്ത്രവിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിച്ചിരിക്കുന്നത്. ഈ നേടുന്ന അറിവുകൾ പൊതു ജനങ്ങളിലേക്ക് എത്തിക്കുന്ന ജനകീയ പരിപാടികൾ തുടർന്ന് നടപ്പിലാക്കുമെന്നും പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ആശംസകളർപ്പിക്കുന്നതായും ബിന്ദു കൂട്ടിച്ചേർത്തു.

ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടർ ഇൻ ചാർജ് സോജു എസ് എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ മേരി പുഷ്പം, ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ബി രമേഷ് , സയന്റിഫിക് ഓഫീസർ സിറിൽ കെ ബാബു എന്നിവർ പങ്കെടുത്തു.

Read Also: വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാനുള്ള സമര നീക്കത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടായി എന്ന വാർത്ത അത്യന്തം ഗൗരവതരം: ഇ പി ജയരാജൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button