KeralaLatest NewsNews

മണർകാട് കോഴി വളർത്തൽ കേന്ദ്രം അത്യാധുനിക നിലവാരത്തിലേക്ക്

 

കോട്ടയം: മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ 1.67 കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ നിർമ്മാണ-നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12 ന് നടക്കും. മൃഗസംരക്ഷണ വകുപ്പിന്റെ 1.18 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പു മന്ത്രി ജെ. ചിഞ്ചു റാണിയും കോട്ടയം ജില്ലാപഞ്ചായത്തിന്റെ 49 ലക്ഷം രൂപയുടെ വിവിധ നിർമ്മാണ -നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി.എൻ വാസവനും നിർവഹിക്കും. ഉമ്മൻ ചാണ്ടി എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.

 

മൃഗസംരക്ഷണ വകുപ്പും കോട്ടയം ജില്ലാ പഞ്ചായത്തും സംയുക്തമായാണ് നിർമ്മാണ -നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കിയത്. മൃഗസംരക്ഷണ വകുപ്പിൽ നിന്ന് 89 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച രണ്ടു പൗൾട്രി ഷെഡ്ഡുകൾ, 10 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച ഓഫീസ് ക്വാർട്ടേഴ്‌സ്, 3.8 ലക്ഷം രൂപയുടെ ആർ.കെ.വി.വൈ പദ്ധതിയുടെ പൂർത്തീകരണം, 16 ലക്ഷം രൂപയുടെ ബയോ സെക്യൂരിറ്റി എന്നിവയുടെയും ജില്ലാ പഞ്ചായത്തിൽ നിന്നുള്ള 16 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ഫാം റോഡിന്റെയും 15 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ഡബിൾ സെറ്റർ ഹാച്ചറിന്റെയും 18 ലക്ഷം രൂപ ഉപയോഗിച്ച് ചെയ്ത ഫാം വാർഷിക അറ്റകുറ്റ പണികളുടേയും ഉദ്ഘാടനമാണ് നിർവഹിക്കുന്നത്. പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെ 20 സെന്റ് സ്ഥലത്ത് സോഷ്യൽ ഫോറസ്ട്രിയുമായി സഹകരിച്ച് ആരംഭിച്ച ചന്ദനത്തോപ്പിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നിർവഹിക്കും. അൻപതോളം ചന്ദനതൈകളാണ് നട്ടിട്ടുള്ളത്.

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശ്ശേരി, മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഡോ. പി.കെ. മനോജ് കുമാർ, മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ.എൻ. ജയദേവൻ, നിരണം ഡക്ക് ഫാം അസിസ്റ്റന്റ് ഡയറക്ടർ ഡോ. പി. രാജു, മണർകാട് പ്രദേശിക കോഴി വളർത്തൽ കേന്ദ്രം വെറ്ററിനറി സർജൻ ഡോ. അജയ് കുരുവിള എന്നിവർ പങ്കെടുക്കും.

 

ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഭിന്നശേഷി കുട്ടികളുടെ മാനസിക-നൈപുണ്യ വികാസത്തിനായി മൃഗസംരക്ഷണ മേഖലയിലെ തൊഴിൽ സാധ്യതകളെ കുട്ടികൾക്കും രക്ഷിതാക്കൾക്കും പരിചയപ്പെടുത്തുന്ന സാന്ത്വന സ്പർശം സെമിനാറും നടത്തും. സെമിനാറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ മഞ്ജു സുജിത്ത് നിർവഹിക്കും. ജില്ലാ പഞ്ചായത്തംഗം നിബു ജോൺ അദ്ധ്യക്ഷനാകും. ഡെപ്യൂട്ടി ഡയറക്ടർ ഡോ. എൻ. ജയദേവൻ മോഡറേറ്ററാകും. ഡോ. പി. രാജു, ഡോ. അജയ് കുരുവിള എന്നിവർ പങ്കെടുക്കും.

 

 

 

shortlink

Post Your Comments


Back to top button