ഹൈദരാബാദ്: കടലിൽ വീണ് യുവതിയെ കാണാതായ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്. ഭർത്താവുമൊത്ത് എത്തിയ 23 വയസ്സുകാരിയായ യുവതിയെ ആണ് കാണാതായത്. കടലിൽ വീണെന്ന് കരുതി യുവതിയ്ക്ക് വേണ്ടി മൂന്നു ദിവസത്തോളമാണ് കോസ്റ്റ്ഗാർഡും നാവികസേനയും കടലിൽ തിരച്ചിൽ നടത്തിയത്. വിശാഖപട്ടണത്തെ ആർകെ ബീച്ചിലാണ് സംഭവം. വിശാഖപട്ടണം സ്വദേശി ശ്രീനിവാസ റാവുവിന്റെ ഭാര്യ ആർ.സായ് പ്രിയയെ ആണ് കാണാതായത്.
രണ്ട് കപ്പലുകളാണ് യുവതിയെ കണ്ടെത്താനുള്ള തിരച്ചിലിന് വേണ്ടി രംഗത്തിറങ്ങിയത്. 72 മണിക്കൂറോളം നീണ്ടുനിന്ന തിരച്ചിലിൽ ഏകദേശം ഒരു കോടി രൂപയോളം ചെലവ് വന്നതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്‌തു. ചേതക് ഹെലികോപ്റ്ററും ദൗത്യത്തിൽ പങ്കുചേർന്നിരുന്നു. സിറ്റി മേയറും ഡപ്യൂട്ടി മേയറും സ്ഥലത്തെത്തി വേണ്ട ക്രമീകരണങ്ങൾ ഉറപ്പു വരുത്തിയിരുന്നു. ഒടുവിൽ താൻ കാമുകനൊപ്പമുണ്ടെന്നു സായ് പ്രിയ കഴിഞ്ഞ ദിവസം മാതാപിതാക്കൾക്ക് സന്ദേശം അയച്ചതോടെയാണ് ദിവസങ്ങളോളം നീണ്ടുനിന്ന ആശങ്ക തീർന്നത്.
ബുധനാഴ്ച വൈകിട്ടോടെ കടലിൽ തിരച്ചിൽ നടക്കുന്നതിനിടെയാണ് തന്നെ ആരും അന്വേഷിക്കേണ്ടെന്നും താൻ കാമുകനൊപ്പം ബെംഗളൂരുവിൽ ഉണ്ടെന്ന് സായ് പ്രിയ മാതാപിതാക്കളെ അറിയിച്ചത്. ഹൈദരാബാദിലെ സ്വകാര്യ ഫാർമസി കമ്പനിയിൽ ജീവനക്കാരനായ ശ്രീനിവാസ റാവുവും സായ് പ്രിയയും 2020 ജൂലായ് 25നാണ് വിവാഹിതരായത്. കഴിഞ്ഞ തിങ്കളാഴ്ച രണ്ടാം വിവാഹ വാർഷികം ആഘോഷിക്കാനായി ആർകെ ബീച്ചിൽ എത്തിയപ്പോഴായിരുന്നു സായ് പ്രിയയെ കാണാതായത്.
Post Your Comments