അബുദാബി: മഴക്കെടുതിയിലെ ദുരന്തബാധിതർക്ക് സഹായ ഹസ്തവുമായി പ്രമുഖ വ്യവസായി. മഴക്കെടുതിയെ തുടർന്നുണ്ടായ ദുരിതം അനുഭവിക്കുന്നവർക്ക് താമസിക്കാനായി ഹോട്ടൽ മുറികളിൽ സൗകര്യമൊരുക്കിയിരിക്കുകയാണ് ഇദ്ദേഹം. ഖാലിഫ് ബിൻ അഹമ്മദ് അൽ ഹബാതൂർ എന്ന എമിറാത്തി വ്യവസായിയാണ് 300 ഹോട്ടൽ മുറികൾ വിട്ടു നൽകിയത്.
അൽ ഹാബത്തൂർ ഗ്രൂപ്പിന്റെ ഹോട്ടലുകളിലെ 300 മുറികളാണ് അദ്ദേഹം വിട്ടു നൽകിയത്. ഏകദേശം 600 ൽ അധികം ആളുകൾക്ക് ഇവിടെ താമസിക്കാൻ കഴിയും. അതേസമയം, ഫുജൈറ, റാസൽഖൈമ, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ തുടങ്ങിയ സ്ഥലങ്ങളിലെയും നിരവധി ഹോട്ടലുകൾ ഇത്തരത്തിൽ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് 7 പേർക്കാണ് യുഎഇയിൽ ജീവൻ നഷ്ടപ്പെട്ടത്. ഇവർ ഏതു രാജ്യക്കാരാണെന്ന വിവരം ലഭ്യമായിട്ടില്ല. പ്രളയബാധിത മേഖലകളിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്നു കണ്ടെത്താൻ സൈന്യവും ദ്രുതകർമസേനയും പരിശോധനകൾ ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്. പർവതമേഖലകൾ, വാദികൾ എന്നിവിടങ്ങളിൽ ഹെലികോപ്റ്ററുകൾ നിരീക്ഷണം നടത്തുകയാണ്.
ഫുജൈറ, റാസൽഖൈമ, ഷാർജ എമിറേറ്റുകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത് 27 വർഷത്തിനിടയിലെ റെക്കോർഡ് മഴയായിരുന്നു. ഫുജൈറയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.
Read Also: ഡി.എച്ച്.എഫ്.എൽ അഴിമതിക്കേസ്: പ്രതികളിൽ നിന്ന് അഗസ്ത വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്റർ പിടിച്ചെടുത്തു
Post Your Comments