തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മുഹമ്മദ് അബിനാസിന്റെ തട്ടിപ്പിൽ ഞെട്ടി കുടുംബവും നാട്ടുകാരും. തളിപ്പറമ്പിലെ ഒരു മാളിൽ വാടകമുറിയിൽ തുടങ്ങിയ അബിനാസിന്റെ ബിസിനസ് ഇന്ന് എത്തി നിൽക്കുന്നത് 100 കോടി തട്ടിപ്പിൽ ആണ്. നാല് വർഷങ്ങൾക്ക് മുൻപ് വില കുറഞ്ഞ ബൈക്കിലെത്തിയ 18 കാരൻ അല്ല അബിനാസ് ഇന്ന്. ലക്ഷക്കണക്കിന് വിലയുള്ള ബൈക്കുകളും കാറുകൾകളും ആണ് അബിനാസിന് ഇന്നുള്ളത്. ഇതെല്ലാം നിക്ഷേപകരിൽ നിന്നും തട്ടിയെടുത്തതാണെന്നാണ് ഉയരുന്ന ആരോപണം.
തളിപ്പറമ്പ് ചപ്പാരക്കടവ് സ്വദേശി മുഹമ്മദ് അബിനാസും ഇയാളുടെ രണ്ട് സഹായികളുമാണ് കോടികളുമായി മുങ്ങിയത്. തളിപ്പറമ്പ് സ്വദേശിയായ അബ്ദുൾ ജലീലിന്റെ പരാതിയിലാണ് യുവാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പലരിൽ നിന്നായി കോടികൾ തട്ടിയെടുത്തെങ്കിലും ആരും പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നില്ല. ജലീലിന്റെ കടന്നുവരവോടെ ഇനി കൂടുതൽ പേർ പരാതിയുമായി മുന്നോട്ട് വരുമെന്നാണ് പൊലീസ് കരുതുന്നത്.
ഭാര്യയുടെ പേരിലുള്ള വസ്തു പണയപ്പെടുത്തി ലഭിച്ച 40 ലക്ഷം രൂപ സുഹൈൽ മുഖാന്തിരം മുഹമ്മദ് അബിനാസിന് നൽകിയെന്നാണ് ജലീൽ നൽകിയ പരാതി. ലാഭ വിഹിതവും കൂട്ടി ഒരു വർഷം കഴിയുമ്പോൾ 50 ലക്ഷം രൂപ കൊടുക്കാമെന്നായിരുന്നു അബിനാസിന്റെ വാഗ്ദാനം. എന്നാൽ, വാക്ക് പറഞ്ഞ ദിവസം കഴിഞ്ഞിട്ടും മുടക്കുമുതൽ പോലും കിട്ടിയില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വീട്ടിൽ ചെന്നന്വേഷിച്ചപ്പോൾ വീട്ടുകാർക്ക് യാതൊരു അറിവുമില്ല. ഇതോടെയാണ് ജലീൽ പരാതി നൽകാൻ തീരുമാനിച്ചത്.
Also Read:ആന്റിബയോട്ടിക്സ് കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ ഗുണത്തേക്കാൾ ദോഷമാണ്
ക്രിപ്റ്റോ കറൻസിയുടെ പേരിലായിരുന്നു അബിനാസിന്റെ തട്ടിപ്പ്. ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്തിയാൽ ദിവസങ്ങൾക്കുള്ളിൽ വൻ തുക ലാഭവിഹിതമായി ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് അബിനാസും സുഹൃത്തുക്കളും പലരിൽ നിന്നായി പണം സ്വീകരിച്ചു. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ 13 ദിവസം കൊണ്ട് 30 ശതമാനം ലാഭം സഹിതം തുക തിരിച്ച് നൽകുമെന്നായിരുന്നു വാഗ്ദാനം. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ 13- ആമത്തെ ദിവസം 1,30,000രൂപ ലഭിക്കും. ഒരു കോടി രൂപ നിക്ഷേപിച്ചാൽ 30 ലക്ഷം രൂപ ലാഭവിഹിതമായി തന്നെ ലഭിക്കും. ആദ്യമൊക്കെ അബിനാസ് കൃത്യമായി പണം നൽകിയിരുന്നു. ഇതോടെ നിക്ഷേപകരുടെ എണ്ണം വർധിച്ചു, ഒപ്പം തുകയും. നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കുക എന്നതായിരുന്നു അബിനാസ് ലക്ഷ്യം വെച്ചത്.
സ്ഥാപനത്തെക്കുറിച്ച് വിശ്വാസം വന്ന നിക്ഷേപകർ കൂടുതൽ തുക നിക്ഷേപിക്കാൻ തുടങ്ങി. 100 കോടിക്കടുത്ത് രൂപ നിക്ഷേപം ലഭിച്ചതോടെയാണ് അബിനാസ് മുങ്ങിയത്. ഈ തിങ്കളാഴ്ച മുതൽ അബിനാസിനെ കുറിച്ച് യാതൊരു വിവരവുമില്ല. അബിനാസ് വിദേശത്തേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച സൂചന. ഇയാൾക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഒളിവിൽ പോയിട്ടും ഇയാൾ ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. മുങ്ങിയതല്ല എന്നും എല്ലാവരുടെയും പണം തിരിച്ച് തരുമെന്നും പറയുന്ന വീഡിയോകളും അപ് ലോഡ് ചെയ്തിട്ടുണ്ട്.
Post Your Comments