റിയാദ്: യൂണിഫോം ധരിക്കാത്ത ടാക്സി ഡ്രൈവർമാർക്കെതിരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഡ്രൈവർമാർ യൂണിഫോം ധരിക്കുന്നത് ഉറപ്പാക്കാൻ സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി പരിശോധന ശക്തമാക്കിയിട്ടുണ്ട്. സൗദിയിൽ ടാക്സി ഡ്രൈവർമാർ യൂണിഫോം ധരിക്കണമെന്ന നിയമം നിലവിൽ വന്നതിനു ശേഷം 349 ടാക്സി ഡ്രൈവർമാർ നിയമ ലംഘനം നടത്തിയതായും അധികൃതർ വ്യക്തമാക്കി.
Read Also: ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷം പിന്നിടുമ്പോൾ: ചരിത്ര സംഭവങ്ങൾ, നേട്ടങ്ങൾ, നാഴികക്കല്ലുകൾ
ജൂലൈ 12 മുതലാണ് ടാക്സി ഡ്രൈവർമാർക്ക് യൂണിഫോം നിർബന്ധമാക്കാനുള്ള അതോറിറ്റിയുടെ തീരുമാനം പ്രാബല്യത്തിൽ വന്നത്. വിമാനത്താവള ടാക്‌സി, കുടുംബ ടാക്‌സി, പാസഞ്ചർ ട്രാൻസ്‌പോർട്ട് ആപ്ലിക്കേഷൻ എന്നിവയിലെ ഡ്രൈവർമാർക്കും സ്വകാര്യ ടാക്‌സി ഡ്രൈവർമാർക്കും നിയമം ബാധകമാണ്.
അതോറിറ്റിയുടെ വികസന പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഗതാഗത പ്രവർത്തനങ്ങളിലെ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും പുതിയ തീരുമാനം സഹായിക്കുമെന്ന് അതോറിറ്റി അറിയിച്ചു. ടാക്‌സി ഡ്രൈവറോ പാസഞ്ചർ ട്രാൻസ്‌പോർട്ട് ആപ്പുകളുടെ ഡ്രൈവറോ യൂണിഫോം ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടാൽ 19929 എന്ന ഏകീകൃത ഫോൺ നമ്പറിൽ ബന്ധപ്പെട്ട് പരാതി നൽകണമെന്നാണ് നിർദ്ദേശം.
Post Your Comments