കൊൽക്കത്ത: ചെലവ് ചുരുക്കലിന്റെ ഭാഗമായി വീണ്ടും ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി മൊബിലിറ്റി പ്ലാറ്റ്‌ഫോം ഒല. ചെലവ് ചുരുക്കാനും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതെന്നാണ് സൂചന. 500 പേരെ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്. എന്നാൽ, അന്തിമ കണക്ക് ഏകദേശം 1,000 ൽ എത്തുമെന്ന് വൃത്തങ്ങൾ പറഞ്ഞു.
യൂസ്ഡ് കാര്‍ വില്‍പ്പനയ്ക്കുള്ള ഒല കാര്‍സ്, ക്വിക്ക് കൊമേഴ്‌സ് ബിസിനസ് ഒല ഡാഷ് എന്നിവയുടെ പ്രവര്‍ത്തനം കമ്പനി അടുത്തിടെ നിർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം. ഒലയ്ക്ക് 1,000 -1100 ജീവനക്കാരോളം മൊബിലിറ്റി ബിസിനസില്‍ ഉണ്ട്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് 2020 മെയ് മാസം ഒല 1400 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
Also Read:‘തീ കൊണ്ട് കളിക്കരുത്’: തായ്‌വാൻ വിഷയത്തിൽ അമേരിക്കയ്‌ക്ക് മുന്നറിയിപ്പു നൽകി ഷീ ജിൻപിംഗ്
പിരിച്ചുവിടാൻ തീരുമാനിച്ചവരോട് സ്വമേധയാ രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഒരു എക്സിക്യൂട്ടീവ് പറഞ്ഞു. ‘ജോലിയിൽ നിന്ന് പിരിച്ചുവിടാൻ ആഗ്രഹിക്കുന്ന ജീവനക്കാരോട് വിവരം പറഞ്ഞിട്ടുണ്ട്. അവർ സ്വമേധയാ രാജിവെയ്ക്കുന്നു’ – ഒലയുടെ ഒരു എക്സിക്യൂട്ടീവ് വ്യക്തമാക്കി.
അതേസമയം, ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് ഉണ്ടായ തീപിടിത്തത്തെത്തുടർന്ന് ഒന്നിലധികം ഗുണനിലവാര നിയന്ത്രണ പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയാണ് കമ്പനി. ഇതോടെ, ഒല അതിന്റെ കന്നി വാഹനമായ ഒല S1 പ്രോ വിൽക്കാൻ പാടുപെടുകയാണ്. പ്രതിദിനം 130-200 സ്കൂട്ടറുകൾ മാത്രമാണ് കമ്പനിക്ക് വിൽക്കാൻ കഴിഞ്ഞത്. വിൽപ്പനയിൽ ഇടിവുണ്ടായതിനെത്തുടർന്ന്, പ്രദേശാടിസ്ഥാനത്തിലുള്ള വിൽപ്പന ഏറ്റെടുക്കുന്നതിനായി കമ്പനിയുടെ ചില മുൻനിര എക്സിക്യൂട്ടീവുകളെ നിയമിച്ച് വിൽപ്പന ഗണ്യമായി മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് കമ്പനി.
Post Your Comments