KeralaLatest News

മാസങ്ങൾക്ക് മുൻപ് കോര്‍പ്പറേഷന്‍ ‘വന്ധ്യംകരിച്ച’ തെരുവുനായ പ്രസവിച്ചു, ആറു കുഞ്ഞുങ്ങൾ: പ്രതിഷേധം

കൊല്ലം: തെരുവുനായവന്ധ്യംകരണ പദ്ധതിപ്രകാരം മാസങ്ങള്‍ക്കുമുമ്പ് ‘വന്ധ്യംകരിച്ച’ നായ ആറു കുഞ്ഞുങ്ങളെ പ്രസവിച്ചു. കൊല്ലം കോര്‍പ്പറേഷന്റെ പോളയത്തോട് വ്യാപാര സമുച്ഛയത്തിനുസമീപം അമ്മയും കുഞ്ഞുങ്ങളും സുഖമായി കഴിയുന്നു. സംഭവം സംബന്ധിച്ച് കോര്‍പ്പറേഷന്‍ അധികൃതര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വന്ധ്യംകരണപദ്ധതി നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അറിയിച്ചു.

വ്യാപാരസമുച്ഛയത്തിനുസമീപം വര്‍ഷങ്ങളായി കഴിയുന്ന നായയ്ക്ക് പരിസരത്തെ വ്യാപാരികളും ഓട്ടോ ഡ്രൈവര്‍മാരുമെല്ലാം ബിസ്‌കറ്റും മറ്റ് ഭക്ഷണപദാര്‍ഥങ്ങളും നല്‍കിയിരുന്നു. എല്ലാവരോടും നല്ല ഇണക്കത്തിലുമായിരുന്നു.  മാര്‍ച്ചിലാണ് കൊല്ലം കോര്‍പ്പറേഷന്‍ തെരുവുനായവന്ധ്യംകരണപദ്ധതി ഊര്‍ജിതമാക്കിയത്. ഡോഗ് ഹാന്‍ഡ്ലര്‍മാരെയും ഡോക്ടര്‍മാരെയും ഇതിനായി നിയോഗിക്കുകയും ചെയ്തു. അഞ്ചാലുംമൂട് മൃഗാശുപത്രിയിലാണ് വന്ധ്യംകരണം നടന്നത്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിച്ച നായകളെ ഇവിടെവെച്ച് വന്ധ്യംകരിച്ചു. പോളയത്തോട്ടില്‍നിന്നുള്ള നായയെയും കൂട്ടത്തില്‍ കൊണ്ടുപോയിരുന്നു. ദിവസങ്ങള്‍ക്കുശേഷം നായയെ തിരികെ കൊണ്ടുവിട്ടു. ശസ്ത്രക്രിയ നടത്തിയത് തിരിച്ചറിയാന്‍ ചെവിയില്‍ അടയാളപ്പെടുത്തലും ഉണ്ടായിരുന്നു.  ഇടയ്ക്ക് വയറിലെ മുറിവുമൂലം അവശനിലയില്‍ കഴിഞ്ഞ നായയ്ക്ക് നാട്ടുകാര്‍ ചികിത്സ നല്‍കുകയും ചെയ്തിരുന്നു. സുഖംപ്രാപിച്ചശേഷം നായ പോളയത്തോട്ടിലും പരിസരത്തും ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ഭക്ഷണം നല്‍കാനെത്തിയവരാണ് നായ പ്രസവിച്ചുകിടക്കുന്നതു കണ്ടത്. വന്ധ്യംകരിക്കാതെയാണ് നായയെ തിരികെക്കൊണ്ടുവിട്ടതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കോര്‍പ്പറേഷന്‍ മാര്‍ച്ചില്‍ ധൃതിപ്പെട്ടാണ് വന്ധ്യംകരണപദ്ധതി നടപ്പാക്കിയതെന്നും വന്ധ്യംകരണത്തിന് കൃത്യമായ മേല്‍നോട്ടമുണ്ടായില്ലെന്നും ആരോപണമുണ്ട്.

shortlink

Post Your Comments


Back to top button