ബ്രിട്ടിഷാധിപത്യത്തിൽ നിന്നും മോചനം നേടുന്നതിനുവേണ്ടി ഇന്ത്യ നടത്തിയ പോരാട്ടം നൂറ്റാണ്ടുകൾ നീണ്ടതാണ്. ഐതിഹാസികമായ ആ ചരിത്ര പോരാട്ട യാത്ര നമുക്ക് മറക്കാനാകുന്നതല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ ആവേശകരമായ ചരിത്രത്തെക്കുറിച്ച് അറിയാം.
ബ്രിട്ടിഷുകാരുടെ കടന്നുവരവ് – 1600
വാണിജ്യം ലക്ഷ്യമാക്കി ഇന്ത്യയിലെത്തിയ ഈസ്റ്റ് ഇന്ത്യാ കമ്പനി അതിവേഗത്തിലാണ് വളർന്നത്. ഇന്ത്യയുടെ ഭരണം കൈക്കലാക്കുക എന്ന ലക്ഷ്യത്തിലേക്ക് അവരെ നയിച്ചത് ‘സ്വത്തുക്കൾ’ തന്നെയായിരുന്നു. 1600 ഡിസംബർ 31ന് ആണ് ബ്രിട്ടിഷുകാർ ഈസ്‌റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ചത്. കൽക്കട്ട, മദ്രാസ് തുടങ്ങി പ്രധാന നഗരങ്ങളിലെല്ലാം അവർ ഫാക്ടറികൾ സ്ഥാപിച്ചു. അനുകൂല സാഹചര്യങ്ങള്‍ ചൂഷണം ചെയ്‌ത് വാണിജ്യം വികസിപ്പിക്കുകയും അതിന്റെ തണലിൽ ഭരണം പിടിച്ചെടുക്കുകയുമാണ് അവർ ചെയ്‌തത്. പതുക്കെ ഈസ്റ്റ് ഇന്ത്യാ കമ്പനി സൈനികവും രാഷ്‌ട്രീയവുമായി കരുത്തരായി. ആദ്യകാലങ്ങളിൽ ഇന്ത്യക്കാരെ അടിച്ചമർത്തുക എന്ന ലക്ഷ്യം അവർക്കുണ്ടായിരുന്നില്ല. എന്നാൽ, ബ്രിട്ടിഷ്‌ഭരണം സ്ഥാപിച്ചത് മുതൽ കാര്യങ്ങൾ മാറി മറിഞ്ഞ് തുടങ്ങി.
പ്ലാസി യുദ്ധം – 1757
ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പടർന്നു പന്തലിച്ചു. ബ്രിട്ടിഷുകാർ കൽക്കട്ടയിൽ കോട്ട പണിയാൻ തുടങ്ങി. ഇന്ത്യൻ ചരക്കുകൾക്ക് അവർ നികുതി ചുമത്തി. ജനങ്ങളെ അടിച്ചമർത്താൻ തുടങ്ങി. ഇതിനെതിരെ രംഗത്തെത്തിയ ബംഗാൾ നവാബ് സിറാജ് ഉദ് ദൗള കാസിംബസാറിലെ ഇംഗ്ലിഷ് ഫാക്‌ടറി പിടിച്ചെടുത്തു. വില്യം കോട്ടയും കീഴടക്കി. 1756 ലായിരുന്നു ഇത്. ബ്രിട്ടിഷ് സൈന്യത്തിനേറ്റ ആദ്യ തിരിച്ചടി ആയിരുന്നു ഇത്.
എന്നാൽ, 1757ൽ പ്ലാസിയിൽ നവാബിന്റെയും റോബർട്ട് ക്ലൈവിന്റെ നേതൃത്വത്തിലുള്ള സൈന്യവും ഏറ്റുമുട്ടി. അടുത്ത രണ്ടു നൂറ്റാണ്ടിൽ ഇന്ത്യയിൽ ബ്രിട്ടിഷ് ഭരണം സ്ഥാപിക്കുന്നതിൽ ഈ യുദ്ധം നിർണ്ണായകമായ നാഴികക്കല്ലായിരുന്നു. 1757 ജൂൺ 23-നു പശ്ചിമ ബംഗാളിലെ ഭാഗിരഥി നദിയുടെ തീരത്തുള്ള പലാശി എന്ന പട്ടണത്തിലാണ് ഈ യുദ്ധം നടന്നത്. യുദ്ധത്തിനിടെ സിറാജ്-ഉദ്-ദൌളയുടെ സേനാ നായകൻ മിർ ജാഫർ ബ്രിട്ടിഷ് പക്ഷത്തേയ്ക്ക് കൂറുമാറി. ജാഫറിന്റെ വഞ്ചനയിൽ ദൗള കൊല്ലപ്പെട്ടു. ബ്രിട്ടിഷുകാർ മിർ ജാഫറിനെ ഭരണാധികാരിയാക്കി. ബംഗാൾ പ്രവിശ്യ പൂർണ്ണമായും കമ്പനിയുടെ അധീനതയിലായി.
ഒന്നാം സ്വാതന്ത്ര്യ സമരം – 1857
ബ്രിട്ടിഷ് അടിമത്തത്തിൽ നിന്നും മോചനം നേടാനുള്ള ഭാരതീയ ജനതയുടെ ആദ്യത്തെ സംഘടിത സമരമായിരുന്നു 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം. രാഷ്‌ട്രീയം, സാമ്പത്തികം, സൈനികം, സാമൂഹികം, മതപരം എന്നിങ്ങനെ വിവിധ കാരണങ്ങളാണ് ഈ സമരത്തിന് വഴിതെളിച്ചത്. ഉത്തർപ്രദേശിലെ മീററ്റിൽ ആണ് ഇതിന് തുടക്കമായത്. ബ്രിട്ടിഷുകാർ ഇതിനെ ‘ശിപായി ലഹള’ എന്നു വിളിച്ചു. ഈസ്റ്റ് ഇന്ത്യാ കമ്പനിപ്പടയിലെ ഇന്ത്യന്‍ പട്ടാളക്കാരുടെ കലഹത്തോടെയാണ് സമരം ആരംഭിച്ചത്. കൊഴുപ്പു പുരട്ടിയ വെടിത്തിരകളെ ആസ്‌പദമാക്കിയാണ് അസ്വസ്ഥത ആരംഭിച്ചത്.
തിരകൾ പൊതിയാനുപയോഗിച്ച കടലാസ് പശുവിന്റെയും പന്നിയുടെയും കൊഴുപ്പു പുരട്ടിയതാണെന്ന വാർത്ത ഹിന്ദു, മുസ്‌ലിം വിഭാഗങ്ങളിൽപ്പെട്ട പട്ടാളക്കാരെ പ്രകോപിതരാക്കി. ഈ കടലാസ് കടിച്ചുകീറിയ ശേഷം വേണമായിരുന്നു തിര തോക്കിൽ നിറയ്‌ക്കാൻ. മംഗൾ പാണ്ഡെയുടെ നേതൃത്വത്തിൽ പട്ടാളക്കാർ പ്രതിഷേധിച്ചു. കലാപം വിവിധ ജനവിഭാഗങ്ങളിലേക്കു പടർന്നുപിടിച്ചു. കമ്പനി നല്ല ശമ്പളമുള്ള ഉദ്യോഗങ്ങളിൽ നിന്നും നാട്ടുകാരെ ഒഴിച്ചുനിർത്തിയത് അവരുടെ അമർഷം ആളിക്കത്തുന്നതിന് ഇടയാക്കി. പാണ്ഡെ ഒരു ബ്രിട്ടിഷുകാരനെ വെടിവച്ചു വീഴ്‌ത്തി. 1857 ഏപ്രിൽ എട്ടിനു പാണ്ഡെയെ തൂക്കിക്കൊന്നു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് – 1885
കാലങ്ങളായി ഒറ്റപ്പെട്ടും സംയുക്തമായും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി രൂപം കൊണ്ട പ്രതിഷേധത്തിന്റെ കച്ചിത്തുരുമ്പ് ആയിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ഇംഗ്ലിഷുകാരനായ എ.ഒ.ഹ്യൂം മുൻകയ്യെടുത്തു രൂപീകരിച്ച പ്രസ്‌ഥാനം. ഡബ്ല്യു.സി. ബാനർജി ആദ്യ അധ്യക്ഷൻ. മുംബൈയിലെ ഗോകുൽദാസ് തേജ്‌പാൽ സംസ്‌കൃത കോളജിൽ 1885 ഡിസംബർ 28ന് ആയിരുന്നു കോൺഗ്രസിന്റെ ആദ്യ യോഗം. ഭാരതീയരുടെ മാനസികവും ധാർമികവും സാമൂഹികവും രാഷ്‌ട്രീയവുമായ പുനർജന്മത്തിനു വേണ്ടി രൂപം കൊണ്ട പ്രസ്ഥാനം.
ബംഗാൾ വിഭജനം – 1905
ഇന്ത്യൻ ദേശീയത ശക്തി പ്രാപിച്ചുകൊണ്ടിരുന്നു. 1900-കളുടെ തുടക്കത്തിൽ ബംഗാൾ ഇന്ത്യൻ ദേശീയതയുടെ നാഡീകേന്ദ്രമായിരുന്നു. 1905ൽ കഴ്‌സൺ പ്രഭു ബംഗാളിനെ വിഭജിച്ചു. ഹിന്ദു–മുസ്‌ലിം ഒരുമ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. ബംഗാളിനെ രണ്ടായി വിഭജിക്കാനുള്ള തീരുമാനം 1903 ഡിസംബർ മുതൽ അവരുടെ പദ്ധതിയിൽ ഉണ്ടായിരുന്നു. 1903 മുതൽ 1905 പകുതി വരെ നിവേദനങ്ങൾ, മെമ്മോറാണ്ടകൾ, പ്രസംഗങ്ങൾ, പൊതുയോഗങ്ങൾ, പത്രപ്രചാരണങ്ങൾ എന്നിവയിലൂടെ കോൺഗ്രസ് ഇതിനോടുള്ള എതിർപ്പ് പ്രകടിപ്പിച്ചു. 1905 ഒക്ടോബർ 16-ന് പ്രാബല്യത്തിൽ വന്ന വിഭജനം, വൻ പ്രതിഷേധത്തിനൊടുവിൽ 1911ൽ ഹാർഡിങ് പ്രഭു റദ്ദാക്കി.
സ്വദേശി പ്രസ്ഥാനം – 1905 – 1908
ബംഗാൾ വിഭജനത്തെ തുടർന്നു വിദേശ വസ്‌തുക്കൾ ബഹിഷ്‌ക്കരിക്കാൻ രവീന്ദ്ര നാഥ ടഗോറും സുരേന്ദ്രനാഥ ബാനർജിയടക്കമുള്ളവർ ആഹ്വാനം ചെയ്തു. ഇത് രാജ്യം ഏറ്റെടുത്തു. സ്വദേശി ഉൽപ്പന്നങ്ങൾ പ്രചരിപ്പിച്ച് അവർ പ്രതിഷേധം ആരംഭിച്ചു. സ്വദേശി എന്നത് രണ്ട് സംസ്‌കൃത പദങ്ങളുടെ സംയോജനമാണ്: സ്വ (“സ്വയം”), ദേശ് (“രാജ്യം”). ഇതോടെ, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കായി ഇന്ത്യക്കാർ ബ്രിട്ടീഷ് സാധനങ്ങൾ ഉപേക്ഷിക്കാൻ തുടങ്ങി. സ്ത്രീകളും വിദ്യാർത്ഥികളും അടക്കമുള്ളവർ ആദ്യമായി രാഷ്ട്രീയത്തിൽ സജീവമായി. സ്വദേശിയുടെ സന്ദേശവും വിദേശ വസ്തുക്കളുടെ ബഹിഷ്‌കരണവും വൈകാതെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചു.
ബാലഗംഗാധര തിലക്, ബിപിൻ ചന്ദ്രപാൽ, ലജ്പത് റായ്, അരബിന്ദോ ഘോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ദേശീയവാദികൾ ഈ പ്രസ്ഥാനത്തെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചു. വിദേശ ഉൽപ്പന്നങ്ങളുടെ ബഹിഷ്‌കരണം എന്നതിനപ്പുറം ഇതിനെ ഒരു സമ്പൂർണ്ണ രാഷ്ട്രീയ ബഹുജനസമരത്തിലേക്ക് കൊണ്ടുപോകാൻ അവർ ബോധപൂർവ്വം ശ്രമം നടത്തി.
1906-ൽ, ദാദാഭായ് നവറോജിയുടെ അധ്യക്ഷതയിൽ കൽക്കട്ടയിൽ ചേർന്ന സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലക്ഷ്യം സ്വരാജ് ആണെന്ന് പ്രഖ്യാപിച്ചു.
മിതവാദികളും തീവ്രവാദികളും
മിതവാദികളെന്നും തീവ്രവാദികളെന്നും പേരുകളിൽ അറിയപ്പെട്ടിരുന്ന കോൺഗ്രസുകാർക്കുള്ളിൽ ആശയ ഭിന്നതയുണ്ടായിരുന്നു. ബ്രിട്ടന്റെ നയങ്ങളോട് എതിർപ്പു പുലർത്തുമ്പോഴും അനുരഞ്‌ജനത്തിന്റെ പാത സ്വീകരിച്ചവരാണ് മിതവാദികൾ. ദാദാബായി നവറോജി മിതവാദ നയത്തിന്റെ വക്‌താവായിരുന്നു. ആയുധമെടുത്തായാലും ബ്രിട്ടിഷുകാരെ ഇന്ത്യയിൽ നിന്നു കെട്ടുകെട്ടിക്കണമെന്ന നിലപാടുകാർ തീവ്രവാദികൾ എന്നറിയപ്പെട്ടു. ലാൽ–പാൽ–ബാൽ എന്നറിയപ്പെടുന്ന ലാലാ ലജ്‌പത് റായി, പിബിൻ ചന്ദ്രപാൽ, ബാലഗംഗാധര തിലകൻ എന്നിവരായിരുന്നു രണ്ടാമത്തെ ലിസ്റ്റിൽ ഉണ്ടായിരുന്നവർ.
പ്രസ്ഥാനത്തിന്റെ ഗതിയെപ്പറ്റിയും സ്വീകരിക്കേണ്ട സമരരീതികളെപ്പറ്റിയും ഈ രണ്ട് കൂട്ടർക്കുമിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. 1907-ലെ കോൺഗ്രസിന്റെ സൂറത്ത് സമ്മേളനത്തിൽ പാർട്ടി പിളർന്നു (ഇരു വിഭാഗങ്ങളും പിന്നീട് വീണ്ടും ചേർന്നു). ഈ കാലഘട്ടം ഇന്ത്യൻ കല, സാഹിത്യം, സംഗീതം, ശാസ്ത്രം, വ്യവസായം എന്നിവയിലും ഒരു മുന്നേറ്റം കണ്ടു. ഈ കാലഘട്ടത്തിൽ സ്വദേശി ടെക്സ്റ്റൈൽ മില്ലുകൾ, സോപ്പ്, തീപ്പെട്ടി ഫാക്ടറികൾ തുടങ്ങിയവ കൂണുപോലെ വളർന്നു. 1906-ൽ ദേശീയ വിദ്യാഭ്യാസ കൗൺസിൽ സ്ഥാപിതമായി. പ്രൈമറി മുതൽ യൂണിവേഴ്സിറ്റി തലം വരെ പ്രാദേശിക ഭാഷാ മാധ്യമത്തിന് സമ്മർദ്ദം നൽകി.
ഹോംറൂൾ 1916-1918
ബാലഗംഗാധര തിലകിന്റെയും ആനി ബസന്റിന്റെയും നേതൃത്വത്തിൽ പ്രവർത്തിച്ച പ്രസ്‌ഥാനം. നാട്ടുരാജ്യങ്ങളിൽ സ്വയംഭരണമെന്ന ആവശ്യമുയർത്തിയായിരുന്നു പ്രവർത്തനം. ഹോം റൂൾ പ്രസ്ഥാനം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് കളമൊരുക്കിയ ഒരു പ്രധാന രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു. പിന്നീട് കോൺഗ്രസിൽ ലയിച്ചു.
ചമ്പാരൻ സമരം – 1917
ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ ഇരുപത് വർഷത്തോളം നടത്തിയ പോരാട്ടത്തിന് ശേഷം മഹാത്മാഗാന്ധി, 1915-ൽ ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. ഗോഖലെയുടെ ഉപദേശപ്രകാരം, ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ അദ്ദേഹം ഒരു വർഷം ബ്രിട്ടിഷ് ഇന്ത്യയിൽ ചുറ്റി സഞ്ചരിച്ചു. രാഷ്ട്രീയ കാര്യങ്ങളിൽ അദ്ദേഹം ഇടപെട്ടിരുന്നില്ല.
1917-ൽ ബീഹാറിലെ ചമ്പാരനിൽ അടിച്ചമർത്തുന്ന യൂറോപ്യൻ ഇൻഡിഗോ തോട്ടക്കാർക്കെതിരെ മഹാത്മാഗാന്ധി സത്യാഗ്രഹം തുടങ്ങി. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യൂറോപ്യൻ തോട്ടക്കാർ ഇന്ത്യൻ കർഷകരുമായി കരാറുണ്ടാക്കിയതോടെയാണ് ചമ്പാരൻ പ്രശ്‌നം യഥാർത്ഥത്തിൽ ആരംഭിച്ചത്.
ഇൻഡിഗോ കൃഷിക്ക് പിന്നിൽ ബ്രിട്ടീഷുകാർ സ്വീകരിച്ച ചൂഷണ നടപടികൾ കാരണം പ്ലാന്റർമാർക്കും കൃഷിക്കാർക്കും ഉള്ളിൽ പ്രതിഷേധവും പ്രതിരോധവും ഉയർന്നു തുടങ്ങി. 1908-ൽ രാജ് കുമാർ ശുക്ല എന്ന നാട്ടുകാരൻ ഗാന്ധിജിയെ ചമ്പാരനിലെത്തി പ്രശ്നം അന്വേഷിക്കാൻ പ്രേരിപ്പിച്ചു. ഗാന്ധി ചമ്പാരനിൽ എത്തിയെങ്കിലും കമ്മീഷണറുടെ എതിർപ്പ് നേരിട്ടു, ഉടൻ തന്നെ ജില്ല വിടാൻ ഉത്തരവിട്ടു. ഗാന്ധിജി നിരസിച്ചു. നിയമം ലംഘിച്ചതിനുള്ള ശിക്ഷ ഏറ്റുവാങ്ങാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ഈ തീരുമാനം അസാധാരണമായിരുന്നു.
ഇതോടെ, ഒരു വിവാദമുണ്ടാക്കാൻ ബ്രിട്ടിഷ് സർക്കാർ ആഗ്രഹിച്ചില്ല. പ്രാദേശിക സർക്കാരിനോട് പിൻവാങ്ങാൻ ഉത്തരവിട്ടു. അവർ ഗാന്ധിജിയെ തന്റെ അന്വേഷണവുമായി മുന്നോട്ട് പോകാൻ അനുവദിക്കുകയും ഗവൺമെന്റിന്റെ അന്വേഷണ അംഗങ്ങളിൽ ഒരാളായി അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്യുകയും ചെയ്തു.
അതിനിടെ, ബ്രിജ് കിഷോർ, രാജേന്ദ്ര പ്രസാദ്, ബീഹാർ ബുദ്ധിജീവികളുടെ മറ്റ് അംഗങ്ങൾ എന്നിവരോടൊപ്പം ഗാന്ധിജി കർഷകരുടെ പരാതികൾ അന്വേഷിക്കാൻ തുടങ്ങി. ജെ ബി കൃപലാനി ഗ്രാമങ്ങളിൽ പര്യടനം നടത്തി കർഷകരുടെ മൊഴി രേഖപ്പെടുത്തി. ടിങ്കത്തിയ സമ്പ്രദായം നിർത്തലാക്കേണ്ടതുണ്ടെന്നും കർഷകർക്ക് അവരുടെ കുടിശ്ശിക നിയമവിരുദ്ധമായി വർധിപ്പിച്ചതിന് നഷ്ടപരിഹാരം നൽകണമെന്നും കമ്മീഷനെ ബോധ്യപ്പെടുത്താൻ ഗാന്ധിജിക്ക് വലിയ ബുദ്ധിമുട്ടുണ്ടായില്ല.
കർഷകർക്ക് പണം തിരികെ നൽകാൻ അന്വേഷണ കമ്മീഷൻ തീരുമാനിച്ചു. പ്ലാന്ററുകളുടെ പ്രതിനിധി 25% വരെ ആയിരുന്നു റീഫണ്ട് വാഗ്ദാനം ചെയ്തു. എന്നാൽ, ഗാന്ധിജി ആവശ്യപ്പെട്ടത് 50% ആയിരുന്നു. പ്രതിസന്ധി മറികടക്കാൻ, കർഷകർക്ക് 25 ശതമാനം പണം തിരികെ നൽകിയാൽ മതിയെന്ന നിഗമനത്തിലേക്ക് ഗാന്ധിജിയും എത്തി. ഗാന്ധിയെ സംബന്ധിച്ചിടത്തോളം പണമല്ല തത്ത്വങ്ങൾക്കായിരുന്നു പരമപ്രധാനം.
(തുടരും)
Post Your Comments