ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകും. അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തതും എം.പിമാർക്കെതിരെയായ കൂട്ട നടപടിയുമാണ് ഇതിന് കാരണം. സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള, എം.പിമാരുടെ രാപ്പകൽ സമരം മുന്നോട്ട് പോവുകയാണ്. തങ്ങളുടെ പോരാട്ടവീര്യത്തെ ഇല്ലാതാക്കാൻ അറസ്റ്റും സസ്പെൻഷനുകളും മതിയാകില്ലെന്ന് പ്രതിഷേധത്തിലിരിക്കുന്ന, കേരളത്തിൽ നിന്നുള്ള എം.പി രമ്യ ഹരിദാസ് പറയുന്നു.
ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന തങ്ങളോട് എൻ.ഡി.എ സർക്കാർ കാണിക്കുന്ന ഓരോ അതിക്രമങ്ങളും തങ്ങളുടെ പോരാട്ട വീര്യം കൂട്ടുമെന്ന് രമ്യ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. രാത്രിയിൽ പാർലമെന്റിന് മുന്നിലെ ഗാന്ധിപ്രതിമക്ക് സമീപം പ്രതിഷേധ സമരത്തിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു രമ്യയുടെ പോസ്റ്റ്.
ലോകത്തെ മുഴുവൻ അടക്കി ഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്തെ ഇന്ത്യയിൽ നിന്ന് തുടച്ച് നീക്കി ജനാധിപത്യം സ്ഥാപിച്ചത്, അഭിമാനത്തോടെ താൻ നെഞ്ചേറ്റിയ ഇന്ത്യൻ നാഷണൽ കോൺഗ്രസാണെന്നും, പോരാടി നേടിയ ജനാധിപത്യത്തെ തകർക്കാൻ ശ്രമിച്ചാൽ അവസാന ശ്വാസം വരെ പോരാടുക തന്നെ ചെയ്യുമെന്നും രമ്യ പറയുന്നു. ജനാധിപത്യരീതിയിൽ പ്രതികരിക്കുന്നതാണ് തെറ്റെങ്കിൽ ഇനിയും ആ തെറ്റ് ചെയ്യുമെന്ന് രമ്യ വ്യക്തമാക്കുന്നു. ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമങ്ങൾ എതിർത്ത് തോൽപ്പിക്കുക തന്നെ ചെയ്യുമെന്ന് രമ്യ കുറിപ്പിൽ വ്യക്തമാക്കുന്നു.
Post Your Comments