പാലക്കാട്: ദേശീയ പുരസ്‌കാര വിവാദത്തിൽ പ്രതികരിച്ച് മികച്ച പിന്നണി ഗായികയ്ക്കുള്ള അവാർഡിനർഹയായ നഞ്ചിയമ്മ. ‘എല്ലാ മക്കൾ പറയുന്നതല്ലേ, പറയുന്നവർ പറയട്ടെ, ആരോടും പരിഭവമില്ല’- നഞ്ചിയമ്മ പറഞ്ഞു. വിവാദം കാര്യമാക്കുന്നില്ലെന്നും തന്നെ അംഗീകരിക്കുന്നവരും അല്ലാത്തവരും ഉണ്ടാകുമെന്നും അവർ പറഞ്ഞു. ഒരാളെയും തള്ളിപ്പറഞ്ഞ് താനൊന്നും ചെയ്യില്ലെന്നും നഞ്ചിയമ്മ മാതൃഭൂമിയോട് പ്രതികരിച്ചു.
‘എന്റെ മനസ് വൃത്തിയാണ്. എല്ലാ മക്കളും എനിക്ക് വേണം, എനിക്കെതിരേ പറയുന്നവരും പറയാത്തവരുമെല്ലാം വേണം. ഒരാളെയും തള്ളിപ്പറഞ്ഞ് ഞാനൊന്നും ചെയ്യില്ല. അതാണ് എന്റെ സന്തോഷം. എന്റെ മക്കള്‍ പറയുന്നത് പോലെയേ ഇതിനെയെല്ലാം കണ്ടിട്ടുള്ളു. അത് ഞാന്‍ ഏറ്റെടുത്തു’, നഞ്ചിയമ്മ പറഞ്ഞു.
ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നഞ്ചിയമ്മയ്ക്ക് നൽകിയതിനെതിരെ സംഗീതജ്ഞൻ ലിനു ലാല്‍ രംഗത്തെത്തിയിരുന്നു. സംഗീതം പഠിക്കുകയോ പരിശീലിക്കുകയോ ചെയ്യാത്ത ഒരാൾക്ക് കൊടുത്തതിനെതിരെയായിരുന്നു ലിനുവിന്റെ വിമർശനം. സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നുന്നില്ലേയെന്ന് എന്നായിരുന്നു ലിനുവിന്റെ ചോദ്യം. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം. ഇതിന് പിന്നാലെ, ലിനുവിനെ പരിഹസിച്ചും, വിമർശിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയത്.
Post Your Comments