എഴുപത്തിയാറാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ് ഭാരതം. ബ്രട്ടീഷ് അധിനിവേശ ശക്തികളിൽ നിന്നും ഭാരതം മുക്തമായതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന് ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. സ്‌കൂളുകളും പൊതു ഇടങ്ങളും ഉൾപ്പെടെ എല്ലായിടത്തും ഈ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തുകയും പരേഡുകൾ, സാംസ്കാരിക പരിപാടികൾ തുടങ്ങിയ സംഘടിപ്പിക്കുകയും ചെയ്തുകൊണ്ട് രാജ്യമൊട്ടാകെ സ്വാതന്ത്ര്യദിനം ആഘോഷിക്കാറുണ്ട്. നമ്മുടെ ദേശീയ പതാകയുടെ ചരിത്രം അറിയാം.
ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട 1857ലാണ് ചെങ്കോട്ടയില്‍ ആദ്യമായി പതാക ഉയരുന്നത്. ഇന്ത്യയുടെ ആദര്‍ശവും പാരമ്പര്യവും വ്യക്തമാക്കുന്ന ത്രിവര്‍ണപതാക രൂപകല്പന ചെയ്തത് ആന്ധ്രാ സ്വദേശിയായ പിംഗലി വെങ്കയ്യയാണ്. ഈ പതാകയ്ക്ക് മുൻപ് പല രൂപത്തിലും നിറത്തിലുമുള്ള പതാകകൾ ഇന്ത്യയെ പ്രതിനിധീകരിച്ചു രൂപ കല്പന ചെയ്തിട്ടുണ്ട്.
1947 ജുലൈ 22ന് ചേര്‍ന്ന കോണ്‍സ്റ്റിറ്റുവന്‍ഡ് അസംബ്ലിയാണ് ത്രിവര്‍ണപതാക ദേശീയപതാകയായി അംഗീകരിച്ചത്. 1929ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ലാഹോര്‍ സമ്മേളനത്തിലാണ് ആദ്യമായി ത്രിവര്‍ണപതാക ഉയര്‍ത്തിയത്. ഇതിന് മുന്പ് ,1883ല്‍ ഇന്ത്യന്‍ നാഷണല്‍ സൊസൈറ്റി അംഗീകരിച്ച പതാകയാണ് ദേശീയ പതാകയുടെ ആദ്യരൂപമായി വിലയിരുത്തപ്പെടുന്നത്.
1904-ൽ, സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ സിസ്റ്റർ നിവേദിതയാണു ഭാരതത്തിനു ആദ്യമായി ഒരു ദേശീയ പതാക സമ്മാനിച്ചത്. വെള്ളത്താമരയോടൊപ്പം വജ്രചിഹ്നവും ആലേഖനം ചെയ്തിട്ടുള്ള ചുവന്ന സമചതുരപ്പതാകയുടെ ഉള്ളിൽ മഞ്ഞനിറമായിരുന്നു. മാതൃഭൂമിയ്ക്കു വന്ദനം എന്നർത്ഥം വരുന്ന ‘ബന്ദേ മാതരം’ എന്ന ബംഗാളി പദം രേഖപ്പെടുത്തിയ ഈ പതാക പിന്നീട് സിസ്റ്റർ നിവേദിതയുടെ പതാക എന്നറിയപ്പെട്ടു.
ബംഗാൾ വിഭജനത്തിനെതിരേ, 1906 ആഗസ്ത് 7 നു് കൽക്കത്തയിലെ പാഴ്സി ബഗാൻ ചത്വരത്തിൽ നടന്ന പ്രതിഷേധപ്രകടനത്തിൽ സചിന്ദ്രപ്രസാദ് ബോസാണ് ആദ്യമായി ഒരു ത്രിവർണ്ണ പതാക നിവർത്തിയത്. ആ പതാകയാണ് കൽക്കട്ട പതാക എന്നറിയപ്പെടുന്നത്. മുകളിൽ നിന്നു താഴേയ്ക്കു യഥാക്രമം ഓറഞ്ച്, മഞ്ഞ, പച്ച നിറങ്ങളിൽ തുല്യവീതിയുള്ള മൂന്നു തിരശ്ചീനഖണ്ഡങ്ങൾ ചേർന്ന ഈ പതാകയിൽ, ഏറ്റവും താഴെ സൂര്യന്റെ ചിത്രത്തോടൊപ്പം ചന്ദ്രക്കലയും, നടുവിൽ ദേവനാഗരി ലിപിയിൽ ‘വന്ദേ മാതരം’ എന്നും ഏറ്റവും മുകൾ ഭാഗത്ത് പാതിവിടർന്ന എട്ടു താമരപ്പൂക്കളും ആലേഖനം ചെയ്തിട്ടുണ്ട്.
മാഡം ബിക്കാജിഗാമയാണ് ഇന്ത്യയ്ക്ക് ആദ്യമായി ദേശീയപതാക രൂപകല്പന ചെയ്തത്. മേൽഭാഗം പച്ചയും നടുവിൽ കാവിയും ഏറ്റവും താഴെ ചുവപ്പും നിറങ്ങളുള്ള പതാകയിൽ ബ്രിട്ടീഷ് ഇന്ത്യയുടെ എട്ടു പ്രവിശ്യകളെ പ്രതിനിധാനം ചെയ്തുകൊണ്ട് മുകളിൽ എട്ടു താമരകളും മദ്ധ്യഭാഗത്ത് ‘വന്ദേ മാതരം’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
1947 ആഗസ്റ്റിൽ ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു കുറച്ചു നാൾ മുന്പു തന്നെ സ്വതന്ത്ര ഇന്ത്യയുടെ ദേശീയപതാകയെപ്പറ്റി ചർച്ച ചെയ്യാൻ ഒരു നിയമനിർമ്മണസഭ രൂപവത്കരിക്കുകയുണ്ടായി. രാജേന്ദ്രപ്രസാദ് അധ്യക്ഷനും അബുൽ കലാം ആസാദ്, കെ.എം.പണിക്കർ, സരോജിനി നായിഡു, സി. രാജഗോപാലാചാരി, കെ.എം. മുന്ഷി, ബി.ആർ. അംബേദ്കർ എന്നിവർ അംഗങ്ങളായ പ്രത്യേക സമിതി എല്ലാ കക്ഷികൾക്കും സമുദായങ്ങൾക്കും സ്വീകാര്യമായ രീതിയിൽ ചില സമുചിതമായ മാറ്റങ്ങൾ വരുത്തി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പതാക ഇന്ത്യയുടെ ദേശീയപതാകയായി സ്വീകരിക്കാമെന്നു തീരുമാനിച്ചു. യാതൊരു തരത്തിലുള്ള സാമുദായികബിംബങ്ങളും പതാകയിൽ അന്തർലീനമായിരിക്കില്ല എന്നും തീരുമാനിക്കുകയുണ്ടായി. അങ്ങനെ, സാരനാഥിലെ അശോകസ്തംഭത്തിലെ ധർമ്മചക്രം ചർക്കയുടെ സ്ഥാനത്തു ഉപയോഗിച്ചു കൊണ്ട് ദേശീയപതാകയ്ക്കു അന്തിമരൂപം കൈവന്നു. 1947 ഓഗസ്റ്റ് 15-ന് ഈ പതാക സ്വതന്ത്ര ഇന്ത്യയുടെ ദേശീയപതാകയായി ആദ്യമായി ഉയർന്നു.
1971ല്‍ അപ്പോളോ 15എന്ന ബഹിരാകാശവാഹനത്തിലേറി നമ്മുടെ ദേശീയപതാക ബഹിരാകാശം തൊട്ടു. 1953ല്‍ മൗണ്ട് എവറസ്റ്റിലും ദേശീയപതാക നാട്ടി. എന്നാല്‍, ജമ്മുകശ്മീരില്‍ ത്രിവര്‍ണപതാകയ്ക്ക് പകരം സംസ്ഥാനപതാകയാണ് ഉയര്‍ത്തുക.
Post Your Comments