
തിരുവനന്തപുരം: കോട്ടൻഹിൽ സ്‌കൂളിലെ റാഗിംഗ് പരാതിയിൽ, ഡി.ഡി.ഇ റിപ്പോർട്ട് പുറത്ത്. ചെറിയ സംഭവത്തെ പർവ്വതീകരിച്ചുവെന്നും മൂന്ന് കുട്ടികൾക്ക് നിസാര പരിക്കുകളെ ഏറ്റിട്ടുള്ളൂ എന്നും റിപ്പോർട്ടിൽ പറയുന്നു. അക്രമികൾ ആരാണെന്ന് കുട്ടികൾക്കോ അദ്ധ്യാപകർക്കോ തിരിച്ചറിയാനായിട്ടില്ലെന്നും അക്രമികൾക്കായി തിരച്ചിൽ നടത്തി, കുട്ടികളെ പരിഭ്രാന്തരാക്കുകയായിരുന്നു എന്നും ഡി.ഡി.ഇ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സ്‌കൂളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തിയിട്ടില്ലെന്നും സ്‌കൂളിലെ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം തെളിവുകൾ ഒന്നും തന്നെ ലഭ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, വിദ്യാർത്ഥികൾ കുട്ടികളെ നിർബന്ധിച്ച് കഞ്ചാവ് ഉപയോഗിപ്പിച്ചു എന്നായിരുന്നു രക്ഷിതാക്കളുടെ ആരോപണം. തുടർന്ന്, സ്‌കൂളിൽ സി.സി.ടി.വി വേണമെന്നും അദ്ധ്യാപകരുടെ പരിശോധന നിർബന്ധമാക്കണമെന്നും ഡി.ഡി.ഇ നിർദ്ദേശിച്ചിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പരാതിക്ക് ഇടയായ സംഭവം നടന്നത്. ശുചിമുറിയിലെത്തിയ കുട്ടിയെ മൂന്നാം നിലയിലേക്ക് കൊണ്ടു പോയി തള്ളിയിട്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതി. മറ്റൊരു കുട്ടിയെ സംഘം ശുചിമുറിയിൽ പൂട്ടിയിട്ടതായും പരാതിയിൽ പറയുന്നു. ഇക്കാര്യം കുട്ടികൾ അധ്യാപകരെ അറിയിച്ചതോടെ അക്രമികളെ പിടികൂടാനായി അധ്യാപകർ കാത്തു നിന്നു.
എന്നാൽ, ഇവർ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. തിരിച്ചറിയപ്പെടാതിരിക്കാൻ മാസ്‌കും ശിരോവസ്ത്രവും ധരിച്ചാണ് ഇവർ സ്‌കൂളിലെത്തുന്നതെന്നും കുട്ടികൾ വ്യക്തമാക്കി. ചെറിയ കുട്ടികളെ ഭീഷണിപ്പെടുത്തുന്നതായുള്ള രക്ഷിതാക്കളുടെ പരാതി ലഭിച്ചതിനെ തുടർന്ന്, സ്‌കൂൾ അധികൃതർ മ്യൂസിയം പോലീസിന് പരാതി നൽകുകയായിരുന്നു.
Post Your Comments