തൃശ്ശൂര്‍: കരുവന്നൂർ ബാങ്കിലെ നിക്ഷേപ തട്ടിപ്പിന് ഇരയായ സ്ത്രീയുടെ മരണത്തിൽ അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ നല്‍കാമെന്ന് കരുവന്നൂര്‍ ബാങ്ക് അധികൃതര്‍. ആര്‍ഡിഒയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ബാങ്കിലെ നിക്ഷേപകന്‍ മാപ്രാണം സ്വദേശി ദേവസിയുടെ ഭാര്യ ഫിലോമിന ഇന്ന് രാവിലെയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് മതിയായ പണം കിട്ടാതെ മരിച്ചത്. മുപ്പത് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപമുണ്ടായിട്ടും പണം നല്‍കിയില്ലെന്നായിരുന്നു നിക്ഷേപകന്‍ ദേവസിയുടെ പരാതി. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ചതുൾപ്പെടെയുള്ള ഇവരുടെ സമ്പാദ്യമാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഇട്ടിരുന്നത്.
‘ഞാൻ ബാങ്കിലിട്ട എന്റെ പണം ചെന്ന് ചോദിക്കുമ്പോൾ പട്ടിയോട് പോലെയാണ് പെരുമാറുന്നത്. കുറേ നടന്നു..എന്റെ ഭാര്യ മരിച്ചുവെന്ന് ഞാൻ ബസിൽ വച്ചാണ് അറിയുന്നത്. ഇവർക്ക് മനഃസാക്ഷിയുണ്ടോ, എന്റെ ഭാര്യയെ അവർക്ക് തിരിച്ചുതരാൻ പറ്റുമോ’ ദേവസി ചോദിക്കുന്നു. ‘കൈയിൽ പണമുണ്ടായിട്ടും എന്റെ ഭാര്യ ഈ നിലയിലാണ് മരിച്ച് കിടക്കുന്നത്. കൈയിലുള്ള പണം എന്തിനാണ്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൊസൈറ്റി എന്ന് പറഞ്ഞിട്ട് നിക്ഷേപിച്ചതാണ് ഞാൻ. ആർക്ക് അതിന്റെ ഉപയോഗം. ആരെയാണ് ഞങ്ങൾ വിശ്വസിച്ചത്’ ദേവസി ചോദിക്കുന്നു.
ആര് കട്ടാലും പിടിച്ചാലും വേണ്ടില്ല. ഞാൻ ഒരു രാഷ്ട്രീയത്തിലും പ്രവർത്തിക്കുന്നില്ല. എന്റെ പണം എനിക്ക് കിട്ടിയിരുന്നെങ്കിൽ അവൾക്ക് ഞാൻ ഭാര്യയ്ക്ക് മികച്ച ചികിത്സ നൽകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ തുടർന്ന് ഫിലോമിനയുടെ മൃതദേഹവുമായി ബാങ്കിന് മുന്നിലും ദേശീയ പാതയിലും സമരം നടന്ന് വരികയായിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് ഇരിങ്ങാലക്കുട ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നത്.
അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ നല്‍കുമെന്നും ബാക്കി തുക എത്രയും പെട്ടെന്ന് നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും ആര്‍.ഡി.ഒ സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി. തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. മുപ്പത് ലക്ഷം രൂപയോളം നിക്ഷേപമുണ്ടായിട്ടും മകന്റെ ചികിത്സയ്ക്കായി നേരത്തെ അനുവദിച്ച ചെറിയ തുകയല്ലാതെ മറ്റൊന്നും കിട്ടിയില്ലെന്നു ദേവസി കണ്ണീരോടെ പറയുന്നു.
Post Your Comments