Latest NewsKerala

ചെറിയ പെൺകുട്ടികളെ ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിക്കും, കഞ്ചാവ് ബീഡി ബാഗിൽ: കോട്ടൺഹിൽസ് സ്‌കൂളിനെതിരെ രക്ഷകർത്താക്കൾ

തിരുവനന്തപുരം: വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രക്ഷകർത്താക്കൾ. മുതിർന്ന വിദ്യാർത്ഥിനികൾ ചെറിയ പെൺകുട്ടികളെ ബലമായി കഞ്ചാവ് വലിപ്പിക്കുകയും, മറ്റു പ്രവർത്തികൾക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നതായാണ് ഇവരുടെ ആരോപണം. പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിൽ നിന്നും ബീഡി കണ്ടെത്തിയതും സ്കൂൾ അധികൃതർ മറച്ചുവച്ചു എന്നാണ് പുതിയ ആരോപണം. ഒമ്പതാം ക്ളാസ് വിദ്യാർത്ഥിനിയുടെ ബാഗിൽ നിന്നാണത്രെ കഞ്ചാവ് ബീഡി കണ്ടെത്തിയത്.

സ്കൂളിലെ റാഗിങ്ങ് സംബന്ധിച്ച പരാതി പുറത്തു വന്നതിന് പിന്നാലെയാണ് തന്റെ മകളെ സഹപാഠി നിർബന്ധിച്ച് ബീഡി വലിപ്പിച്ച സംഭവം കുട്ടിയുടെ അമ്മ തന്നെ മാധ്യമങ്ങളോട് തുറന്നുപറഞ്ഞത്. കുട്ടി വൈകിട്ട് വീട്ടിലെത്തിയപ്പോൾ കണ്ണ് ചുവന്നു വല്ലാത്ത അവസ്ഥയിലെത്തിയതായും കട്ടിലിലേക്ക് നേരെ അവശയായി വീണതായും ഇവർ പറഞ്ഞിരുന്നു. ഉണർന്നപ്പോൾ ചോദ്യം ചെയ്തപ്പോഴാണ് കുട്ടി കാര്യങ്ങളെല്ലാം പറഞ്ഞത്. കുട്ടിയെ വലിപ്പിച്ചത് വെറും ബീഡിയല്ലെന്നും കഞ്ചാവായിരുന്നെന്നും നഴ്സ് കൂടിയായ അമ്മ അറിയിച്ചെങ്കിലും മുതിർന്ന വിദ്യാർത്ഥിനിക്ക് വാണിംഗ് കൊടുത്തെന്ന മറുപടിയാണ് സ്‌കൂൾ അധികൃതരിൽ നിന്ന് ലഭിച്ചതെന്നാണ് ആരോപണം.

സ്‌കൂളിലെ അദ്ധ്യാപകൻ തന്നെയാണ് കുട്ടിയുടെ ബാഗിൽ നിന്ന് ബീഡി കണ്ടെത്തിയത്. തുടർന്ന് മകളെ ടി.സി വാങ്ങി മറ്റൊരു സ്‌കൂളിൽ ചേർത്തതായും രക്ഷിതാവ് പറയുന്നു. മൂത്രപ്പുരയിലെത്തിയ അഞ്ചാം ക്ലാസിലേയും ആറാം ക്ലാസിലേയും കുട്ടികളെ പത്താം ക്ലാസിലെ വിദ്യാർഥികൾ തടഞ്ഞ് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചെന്നാണ് പരാതി. പറയുന്നത് കേട്ടില്ലെങ്കിൽ കൈ ഞരമ്പ് മുറിച്ച് കൊല്ലുമെന്നും സ്കൂൾ കെട്ടിടത്തിന് മുകളിൽ കൊണ്ടുപോയി താഴേക്കിടുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഞ്ച്, ആറ് ക്ളാസുകളിലെ കുട്ടികളെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾ ദേഹോപദ്രവം ഏല്പിച്ചതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ സ്‌കൂളിലും മ്യൂസിയം പൊലീസിലും പരാതി നൽകിയത്. ഞായറാഴ്ച സ്‌കൂളിൽ കുറച്ച് രക്ഷിതാക്കളെ മാത്രം വിളിച്ച് പി.ടി.എ യോഗം ചേർന്ന് ഉടൻ നടപടിയെടുക്കുമെന്ന് സ്‌കൂൾ അധികൃതർ നൽകിയ ഉറപ്പ് പാലിക്കാത്തതിനെ തുടർന്നാണ് മാതാപിതാക്കൾ ഇന്നലെ രാവിലെ സ്‌കൂളിലെത്തിയത്. കുട്ടികളോട് ബോയ് ഫ്രണ്ടിനെ തരപ്പെടുത്തി തരാമെന്നും ഇവർ പറഞ്ഞതായി ആരോപണമുണ്ട്.

courtesy: malayalam news: 

ശാശ്വതമായ പരിഹാരമുണ്ടായില്ലെങ്കിൽ സമരം തുടരുമെന്നും രക്ഷിതാക്കൾ അറിയിച്ചു. മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സ്‌കൂൾ അധികൃതരുമായി ചർച്ച നടത്തിയിരുന്നു. ഉപ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിനുശേഷം തുടർനടപടി മതിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. സംഭവം വിവാദമായതോടെ സ്‌കൂളിലെ ബാത്ത്റൂമിൽ നടന്ന റാഗിംഗ് വിവരം പുറത്തറിഞ്ഞതോടെ കുട്ടികളെ മൂത്രമൊഴിക്കാൻ വിടാതെ നടപടിയെടുത്ത് സ്‌കൂൾ അധികൃതർ. ആ‌ർത്തവ സമയങ്ങളിൽപ്പോലും കുട്ടികളോട് ക്ളാസ് സമയത്ത് ബാത്ത്റൂമിൽ പോകണ്ടെന്നും ഇന്റർവെല്ലിന് മാത്രം ടോയ്ലെറ്റിൽ വിട്ടാൽ മതിയെന്നാണ് തീരുമാനിച്ചതെന്നും കുട്ടികളോട് അധികൃതർ പറഞ്ഞു.

മൂവായിരത്തിലധികം പെൺകുട്ടികൾ പഠിക്കുന്ന സ്‌കൂളിലാണ് അധികൃതരുടെ നടപടി. സ്‌കൂൾ അധികൃതർക്കു മുന്നിൽ പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് രക്ഷിതാക്കൾ ഉന്നയിക്കുന്നത്. റാഗിങ്ങ് നടത്തിയ കുട്ടികൾക്ക് കൗൺസലിംഗ് നൽകിയ ശേഷം ടി.സി കൊടുക്കുക, സംഭവത്തെ തുടർന്ന് മാനസികമായി തകർന്ന കുട്ടികൾക്ക് കൗൺസലിംഗ് നൽകുക എന്നിവയാണ് ആവശ്യം. എന്നാൽ റാഗിങ്ങിന്റെ പേരിൽ കുട്ടികൾക്ക് ടി.സി നൽകാൻ കഴിയില്ലെന്നാണ് സ്‌കൂൾ അധികൃതരുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button