ചൈനയെ മുഴുവൻ പുനരേകീകരിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി തായ്‌വാൻ കീഴടക്കാനൊരുങ്ങുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പദ്ധതി തകിടം മറിക്കുന്ന അപ്രതീക്ഷിത നീക്കങ്ങളാണ് തായ്‌വാനിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പൂർത്തീകരിക്കാനാകാത്ത ഒരേയൊരു അജണ്ട, തായ്‌വാന്റെ വിധി ആയിരുന്നു. ചൈനയില്‍ നിന്നുള്ള അക്രമണ ഭീഷണി നേരിടാന്‍ തായ്‌വാൻ രണ്ടും കൽപ്പിച്ച് പരിശീലനം തുടങ്ങി കഴിഞ്ഞു.
എന്നിരുന്നാലും, ഹോങ്കോങ്ങിലെയും സിൻജിയാങ്ങിലെയും അതിനുമുമ്പ് ടിബറ്റിലെയും പോലെയല്ല, തായ്‌വാനിലെ കാര്യങ്ങളെന്ന് ചൈന തിരിച്ചറിഞ്ഞു തുടങ്ങി. കഴിഞ്ഞ ദിവസം തായ്‌വാനിൽ വ്യോമാക്രമണ സൈറണ്‍ മുഴങ്ങിയപ്പോൾ ജനങ്ങൾ ഉടൻ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറി. ജനങ്ങൾ കൊണ്ട് തിങ്ങിനിറഞ്ഞ നഗരങ്ങൾ/തെരുവുകൾ നിശ്ചലമായി. തൊട്ട് പുറകെ ശത്രുവിമാനങ്ങളെ തുരത്താനായി തായ്‌വാന്‍റെ ആകാശത്ത് യുദ്ധവിമാനങ്ങള്‍ ഉയര്‍ന്നു. തായ്‌വാനിലെ ലക്ഷക്കണക്കിന് ആളുകളുടെ ഫോണിലേക്ക് ‘മിസൈൽ അലേർട്ട്’ വന്നു. അതേ, തായ്‌വാൻ തയ്യാറെടുക്കുകയാണ്. ചൈനയുമായുള്ള പോരിന്.
കഴിഞ്ഞ ദിവസം തായ്‌വാൻ നടത്തിയ മുന്നൊരുക്കങ്ങൾ കഴിഞ്ഞ വർഷം ഉക്രൈനിൽ നാം കണ്ടതാണ്. റഷ്യ, തങ്ങളുടെ രാജ്യം അക്രമിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചത് മുതൽ, അവർ തങ്ങളുടെ ജനങ്ങൾക്ക് ആവശ്യമായ പരിശീലനം നടത്തിയിരുന്നു. ഏതാണ്ട് ഇതേ രീതിയിൽ തങ്ങളുടെ ജനങ്ങൾക്ക് സൈനിക പരിശീലനം നൽകുകയാണ് തായ്‌വാൻ.
ചൈനയിൽ നിന്നും ഒരു ആക്രമണം ഉടൻ പ്രതീക്ഷിക്കുകയാണ് തായ്‌വാൻ. തായ്‌വാനിൽ കഴിഞ്ഞ ദിവസം നടന്ന യുദ്ധ തയ്യാറെടുപ്പ് പരിശീലനം ഒരു ഉദാഹരണം മാത്രം. ശാശ്വതമായ സമാധാനമാണ് തായ്‌വാൻ ലക്ഷ്യം വെയ്ക്കുന്നത്. അതുകൊണ്ട് തന്നെ, തായ്‌വാൻ ഒരിക്കലും ചൈനയെ കടന്നാക്രമിക്കില്ല. തായ്‌വാന്റെ പരിശീലനങ്ങളൊക്കെയും, ചൈനയെ പ്രതിരോധിക്കാൻ വേണ്ടിയുള്ളതാണ്. ഈ ഉയർന്നുവരുന്ന യാഥാർത്ഥ്യമാണ് തായ്‌വാൻ വിഷയത്തിൽ അമേരിക്കയിൽ നടക്കുന്ന നയ ചർച്ചകളിൽ ഇപ്പോൾ പ്രതിഫലിക്കുന്നത്.
ബ്രൂക്കിംഗിന്റെ തന്ത്രപരമായ വിദഗ്ധനായ റയാൻ ഹാസ് പറയുന്നതനുസരിച്ച്, തായ്‌വാൻ കടലിടുക്കിൽ പിരിമുറുക്കം കൂടുകയും പിരിമുറുക്കങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ആശയവിനിമയ ചാനലുകൾ തകരുകയും ചെയ്തിരിക്കുന്നു. എപ്പോൾ സംഘർഷം ഉണ്ടാകുമെന്ന് നിർവചിക്കാനാകാത്ത സാഹചര്യമാണിപ്പോൾ ഉള്ളത്. ആരുടെയെങ്കിലും ഒരു ചെറിയ തെറ്റ് പോലും സായുധ പോരാട്ടത്തിലേക്ക് നയിക്കാൻ കാരണമാകും. ഈ പശ്ചാത്തലത്തിൽ യു.എസ് ചൈനയെ പിന്തിരിപ്പിക്കാനുള്ള സാധ്യതകളും യുദ്ധ നിരീക്ഷകർ തള്ളിക്കളയുന്നില്ല. ചൈന, തായ്‌വാനെ അക്രമിച്ചാല്‍ പ്രതിരോധിക്കാന്‍ തങ്ങള്‍ മുന്നിലുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ തായ്‌വാന്‍ സന്ദര്‍ശന വേളയില്‍ വ്യക്തമാക്കിയിരുന്നു.
ഉക്രൈൻ – റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പാഠം ഉൾക്കൊണ്ട തായ്‌വാൻ സാധാരണക്കാരായ ജനങ്ങൾക്ക് സൈനിക പരിശീലനം നൽകി വരികയാണ്. അവർക്ക് വേണ്ട ആയുധങ്ങൾ നൽകുന്നു. തായ്‌വാനിൽ ആയുധ/അടിയന്തിര വൈദ്യ പരിശീലനം തേടുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണം കുത്തനെ ഉയർന്നു. ഈ വർഷം, പോളാർ ലൈറ്റ് ട്രെയിനിംഗിലെ ബുക്കിംഗുകൾ ഏകദേശം നാലിരട്ടിയായി.
ഭാരമേറിയ ആയുധങ്ങളും യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും പ്രദർശിപ്പിക്കുന്ന തായ്‌വാനീസ് സൈനികാഭ്യാസങ്ങളിൽ ജനങ്ങളും പങ്കാളികളാകുന്നു. ചുട്ടുപൊള്ളുന്ന ചൂടിലും രാജ്യത്തിനായി സ്വയം പര്യാപ്തരാകുന്ന സാധാരണക്കാരെയാണ് ഇപ്പോൾ തായ്‌വാനിൽ കാണാൻ കഴിയുന്നത്. തങ്ങളുടെ വീടിനു മുന്നിലെ വാതിലുകളിൽ മുട്ടുന്ന ‘അക്രമികാരികളെ’ നേരിടാൻ തായ്‌വാൻ ജനത സ്വയം പര്യാപ്തരാവുകയാണ്. ചൈനീസ് പട്ടാളക്കാർ എന്ന പേടിസ്വപ്നത്തിന് മുന്നിൽ സധൈര്യം നിലയുറപ്പിക്കാൻ തായ്‌വാൻ തങ്ങളുടെ ജനങ്ങളെ പ്രാപ്തരാക്കുകയാണ്. ചുരുക്കി പറഞ്ഞാൽ ശത്രുവിന്റെ വരവ് കാത്തിരിക്കാതെ, ശത്രു എത്തുന്നതിന് മുമ്പ് തന്നെ തയ്‍വാനും തയ്യാറെടുപ്പ് തുടങ്ങിയെന്ന് സാരം.
1949-ൽ ചൈനീസ് ആഭ്യന്തരയുദ്ധം അവസാനിച്ചതിനുശേഷം, തായ്‌വാൻ തങ്ങളുടെ സ്വന്തം പ്രദേശമാണെന്ന് അവകാശപ്പെടുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധിനിവേശത്തിന്റെ നിഴലിലാണ് പതിറ്റാണ്ടുകളായി തായ്‌വാനികൾ ജീവിക്കുന്നത്.ഔദ്യോഗികമായി തായ്‍വാന്‍ റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ ഭാഗമാണെങ്കിലും. കഴിഞ്ഞ 30 ലേറെ വര്‍ഷമായി ഇതൊരു സ്വതന്ത്ര ജനാധിപത്യ രാജ്യമാണ്.
2019-ൽ ഹോങ്കോങ്ങിന്റെ ജനാധിപത്യ അനുകൂല പ്രസ്ഥാനത്തിനെതിരായ ക്രൂരമായ അടിച്ചമർത്തലിന്റെ പശ്ചാത്തലത്തിൽ, തായ്‌വാന്റെ നിയന്ത്രണം ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കുന്നതിനെക്കുറിച്ച് ചൈന കാര്യമായ ചർച്ചയിലായിരുന്നു. നാവിക, വ്യോമസേനാ അഭ്യാസങ്ങളിൽ ചൈന ഒരു ചുവടുവെപ്പ് നടത്തുകയും ചെയ്തിരുന്നു. വ്യക്തമായ ഭീഷണി തന്ത്രവുമായി തായ്‌വാന്റെ അതിർത്തികൾക്ക് ചുറ്റിനും ചൈന തങ്ങളുടെ സാന്നിധ്യം അറിയിച്ചു.
എന്നിരുന്നാലും, ഉക്രൈനെതിരായ റഷ്യയുടെ ക്രൂരമായ ആക്രമണം, ദിവസേനയുള്ള തായ്‌വാനീസ് ടെലിവിഷൻ ഷോകളിൽ ജനങ്ങൾ ലൈവായി കണ്ടു. ജനങ്ങൾക്കിടയിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ ചിത്രങ്ങൾ ടി.വികളിലും മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടതോടെ, യുദ്ധത്തിന്റെ ഭയാനകമായ സാധ്യത തായ്‌വാനിലെ പൊതുജനങ്ങളും തിരിച്ചറിഞ്ഞു തുടങ്ങി. അടുത്തത് തങ്ങൾ ആയിരിക്കുമോ എന്ന് അവർ സ്വയം ചോദിക്കാൻ തുടങ്ങി.
Post Your Comments