
ന്യൂഡൽഹി: ഇന്ന് കാർഗിൽ വിജയ് ദിവസ്, കാർഗിൽ മലനിരകളിൽ പാകിസ്താനുമേൽ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് 23 വർഷം. പാകിസ്താനെ സംബന്ധിച്ച് എക്കാലവും നടുക്കുന്ന ഓർമയാണ് കാർഗിൽ. 1999 ലെ ശൈത്യകാലത്ത് പാക്ക് പട്ടാളം കശ്മീർ തീവ്രവാദികളുടെയും മറ്റും സഹായത്തോടെ കാർഗിലിലെ ഉയർന്ന പോസ്റ്റുകൾ പിടിച്ചടക്കി.
തർക്ക പ്രദേശമായ സിയാചിൻ മേഖലയുമായി ബന്ധിപ്പിക്കുന്ന ശ്രീനഗർ- കാർഗിൽ ലേ ഹൈവേ ഉൾപ്പെടെ നിർണ്ണായക പ്രദേശങ്ങൾ അധീനതയിലാക്കുകയായിരുന്നു പാകിസ്താന്റെ ലക്ഷ്യം. 16,000 മുതൽ 18,000 അടിവരെ ഉയരത്തിലുളള മലനിരകളിൽ നിലയുറപ്പിച്ച അക്രമികളെ തുരത്താനായി ‘ഓപ്പറേഷൻ വിജയ്’ എന്ന പേരിൽ ഇന്ത്യ നടത്തിയ സൈനിക നടപടികൾ രണ്ടരമാസത്തോളം നീണ്ടു.
ജൂലൈ 26ന് ഇന്ത്യ കാർഗിലിൽ വിജയം പ്രഖ്യാപിച്ചു. പാക്കിസ്ഥാൻ പിടിച്ചടക്കിയ പ്രദേശങ്ങളെല്ലാം ഇന്ത്യൻ സേന തിരിച്ചുപിടിച്ചു. 527 സൈനികരെ കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനു നഷ്ടമായി. മദ്രാസ് സെക്ടറിലാണു കാർഗിൽ യുദ്ധസ്മാരകം. ഇന്ത്യൻ സൈന്യത്തിന്റെ കണക്കനുസരിച്ച് 1,200 പാക് സൈനികരെങ്കിലും പോരാട്ടത്തിനിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.
തോറ്റ് മടങ്ങിയ പാക് സൈന്യം പക്ഷേ യുദ്ധത്തിൽ തങ്ങളുടെ പങ്ക് നിഷേധിച്ചു. തീവ്രവാദികളിൽ കുറ്റം ചുമത്തി കൈകഴുകാൻ ശ്രമിച്ചെങ്കിലും യുദ്ധത്തിന്റെ യഥാർത്ഥ സൂത്രധാരന്മാർ പാക് സൈന്യമാണെന്ന് പിന്നീട് തെളിഞ്ഞു.
കാർഗിലിൽ വിജയക്കൊടി നാട്ടിയ ജൂലൈ 26 ഇന്ത്യ പിന്നീട് വിജയ് ദിവസ് എന്ന പേരിൽ ആചരിക്കാൻ തുടങ്ങി. കാർഗിലിൽ രാജ്യത്തിന് നഷ്ടമായ 527 ധീര ജവാൻമാർക്ക് പ്രണാമങ്ങൾ അർപ്പിച്ച് എല്ലാവർഷവും രാജ്യം ആ ഓർമ്മ പുതുക്കുന്നു. എ.ബി.വാജ്പേയിയായിരുന്നു അന്ന് പ്രധാനമന്ത്രി. ജോർജ് ഫെർണാണ്ടസ് പ്രതിരോധമന്ത്രിയും ആയിരുന്നു.
Post Your Comments