തിരുവനന്തപുരം: കള്ളപ്പണ കേസിൽ ഇഡിയുടെ അന്വേഷണം നേരിടുന്ന ബിഷപ്പ് ധർമ്മരാജ് റസാലത്തിനെ വിമാനത്താവളത്തിൽ തടഞ്ഞു. വിദേശത്തേയ്‌ക്ക് പോകരുതെന്ന് ഇഡി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ വിലക്ക് ലംഘിച്ച് യുകെയിലേക്ക് കടക്കാൻ ശ്രമിച്ചപ്പോഴായിരുന്നു എമിഗ്രേഷൻ അധികൃതർ തടഞ്ഞത്. ഇന്നലെ രാത്രി കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് ബിഷപ്പിനെ ഇഡി ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം കാരക്കോണം മെഡിക്കൽ കോളേജിൽ തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങൾ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നടതക്കമുള്ള കേസിലാണ് ഇന്നലെ ചോദ്യം ചെയ്തത്. മെഡിക്കൽ സീറ്റിനായി തലവരിപ്പണം വാങ്ങിയ ശേഷം അഡ്മിഷൻ നൽകിയില്ലെന്നാണ് കേസ്. കേരളത്തിന് പുറത്ത് നിന്നുള്ള 14 വിദ്യാർത്ഥികൾ അടക്കം 24 കുട്ടികളിൽ നിന്നായിരുന്നു ലക്ഷങ്ങൾ കോഴയായി വാങ്ങിയത്. 92 ലക്ഷം വരെയായിരുന്നു കോഴ വാങ്ങിയിരുന്നത്.
നാളെ കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് ലംഘിച്ചാണ് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചത്. ബിഷപ്പിന്റെ ആസ്ഥാനമായ എൽഎംഎസിലും കാരക്കോണം മെഡിക്കൽ കോളേജിലും കോളേജ് ഡയറക്ടറായ ബെന്നറ്റ് എബ്രഹാമിന്റെ വീട്ടിലും സിഎസ്‌ഐ സഭാ സെക്രട്ടറി പ്രവീണിന്റെ വീട്ടിലും ഇഡി പരിശോധന നടത്തിയിരുന്നു.
പതിമൂന്ന് മണിക്കൂറോളമായിരുന്നു പരിശോധന. സിഎസ്‌ഐ ആസ്ഥാനത്ത് ഇന്നും പരിശോധന നടത്തും. ബിഷപ്പിനെതിരായ പണം തിരിമറി ആരോപണങ്ങളിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ട് സഭാംഗമായ വി.ടി.മോഹനനാണ് ഹൈക്കോടതിയെ സമീപിച്ചത്.
Post Your Comments