സെന്‍റ് ലൂസിയ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്. വാലറ്റത്തെ കൂട്ടുപിടിച്ച് അക്ഷർ പട്ടേൽ നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. 35 പന്തിൽ 64 റൺസുമായി അക്ഷർ പട്ടേൽ നിറഞ്ഞാടിയ രണ്ടാം ഏകദിനത്തിൽ രണ്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ശ്രേയസ് അയ്യർ (63), സഞ്ജു സാംസൺ (51) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസ് ഷായ് ഹോപ്പിന്റെ (115) സെഞ്ചറിയുടെയും ക്യാപ്റ്റൻ നിക്കോളാസ് പുരാന്റെ അർധ സെഞ്ചറിയുടെയും (74) മികവിലാണ് വിൻഡീസ് 311 എന്ന സ്കോർ പടുത്തുയർത്തിയത്. കൈൽ മെയേഴ്സ് (39), ഷെമാർ ബ്രൂക്സ് (35) എന്നിവരും തിളങ്ങി. ശർദൂർ താക്കൂർ ഏഴോവറിൽ 54 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
വിൻഡീസിന്റെ സ്കോർ പിന്തുടർന്ന ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ശുഭ്മാൻ ഗിൽ ഒരുവശത്ത് നന്നായി തുടങ്ങിയപ്പോൾ ക്യാപ്റ്റൻ ശിഖർ ധവാൻ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. 11 ഓവറിൽ സ്കോർ 48ൽ നിൽക്കെ ധവാൻ (13) പുറത്തായി. പിന്നാലെ, ഗില്ലും(43), സൂര്യകുമാർ യാദവും (9) കൂടാരം കയറി. തുടർന്ന് ക്രീസിലെത്തിയ സഞ്ജു സാംസണും ശ്രേയസ് അയ്യരും നടത്തിയ കൂട്ടുകെട്ടാണ് ഇന്ത്യക്ക് വിജയ പ്രതീക്ഷ നൽകിയത്. ഇരുവരും 99 റൺസാണ് സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തത്.
Read Also:- നിത്യജീവിതത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ മുഖക്കുരു അകറ്റാം!
എന്നാൽ, 32-ാം ഓവറിൽ ശ്രേയസും 39-ാം ഓവറിൽ സഞ്ജുവും പുറത്തായതോടെ ഇന്ത്യ തോൽവി മുന്നിൽ കണ്ടു. എന്നാൽ, ദീപക് ഹൂഡയെ(36 പന്തിൽ 33) കൂട്ടുപിടിച്ച് അക്ഷർ പട്ടേൽ നടത്തിയ വെടിക്കെട്ടിൽ ഇന്ത്യ ലക്ഷ്യം കണ്ടു. സ്കോർ: വെസ്റ്റിൻഡീസ് 50 ഓവറിൽ 6 വിക്കറ്റിന് 311. ഇന്ത്യ 49.4 ഓവറിൽ 8 വിക്കറ്റിന് 312.
Post Your Comments