തിരുവനന്തപുരം: ഭൂരിപക്ഷ വർഗീയത ചെറുക്കാൻ ഉയർന്ന് വരുന്നതാണ് ന്യൂനപക്ഷ വർഗീയതയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ചിന്തന് ശിബിരത്തിനെതിരെ അദ്ദേഹം വിമർശനമുന്നയിച്ചത്. ഇടതുവിരുദ്ധത മാത്രം ചിന്തിക്കാൻ വേണ്ടിയാണ് ശിബിരം നടന്നത്. ഇന്ത്യയുടെ മതനിരപേക്ഷതയെപ്പറ്റി കോൺഗ്രസ് നേതൃത്വം ചിന്തിച്ചില്ല. മൃദു ഹിന്ദുത്വ വാദത്തിന്റെ പിടിയിലാണ് കോൺഗ്രസ് എന്നും അതിനാൽ കോൺഗ്രസിന്റെ വോട്ട് ബി.ജെ.പിയ്‌ക്ക് ചോരുന്നു എന്നും മന്ത്രി ഫേയ്സ്ബുക്കിൽ കുറിച്ചു.
രാജ്യത്തെ മതനിരപേക്ഷത കനത്ത വെല്ലുവിളികൾ നേരിട്ടപ്പോഴും മതന്യൂനപക്ഷങ്ങൾ അരക്ഷിതാവസ്ഥയിലായപ്പോഴും കേരളത്തിലെ കോൺഗ്രസ് നേതൃത്വം മൗനത്തിലായിരുന്നുവെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. മൃദു ഹിന്ദുത്വ നിലപാടിൽ നിന്നും തീവ്ര മതനിരപേക്ഷ നിലപാടിലേക്ക് കോൺഗ്രസിനെ തിരിച്ചു കൊണ്ടു വരാൻ എന്ത് തീരുമാനമാണ് ശിബിരം കൈക്കൊണ്ടതെന്ന് അദ്ദേഹം ചോദിച്ചു.
‘അധികാരത്തിൽ എങ്ങനെയെങ്കില്ലും കയറിപ്പറ്റുക എന്ന ചിന്ത മാത്രമാണ് കോൺഗ്രസിനുള്ളത്. കേരളത്തിൽ കോൺഗ്രസ് ചരിത്രത്തിലാദ്യമായി തുടർപ്രതിപക്ഷമായി. ഇതിന്റെ ഭാഗമായി രൂപം കൊണ്ട അന്ധമായ ഇടതു വിരോധം സംഘപരിവാർ രാഷ്‌ട്രീയത്തെ സഹായിക്കുന്നു. അധികാര കസേര എന്ന ഒറ്റ ലക്ഷ്യവുമായി പോകുന്നതു കൊണ്ടാണ് കോൺഗ്രസ് തീവ്രമതനിരപേക്ഷ നിലപാട് സ്വീകരിക്കാൻ തയ്യാറാവാത്തത്’- അദ്ദേഹം പറഞ്ഞു.
Post Your Comments