തിരുവനന്തപുരം: എകെജി സെന്റർ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ടു തട്ടുകടക്കാരനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പാതി വഴിയിൽ അവസാനിപ്പിച്ചതിൽ ദുരൂഹത നിറയുകയാണ്. അക്രമിയെ സഹായിച്ചെന്ന സംശയത്തിൽ കസ്റ്റഡിയിൽ എടുത്ത യുവാവിനെ പൂർണ്ണമായ വിവരം ലഭിക്കും മുൻപ് തന്നെ തിരികെ വിട്ടയച്ചതും സംശയം ഉയർത്തുന്നു. കസ്റ്റഡിയിൽ ആയിരുന്ന വ്യക്തിക്ക് സിപിഎം പ്രാദേശിക നേതാവുമായുള്ള അടുപ്പം ചോദ്യം ചെയ്യലിൽ തന്നെ വ്യക്തമായിട്ടുള്ളതാണ്.
ഇതേ തുടർന്ന് ഒന്നര ദിവസത്തെ കസ്റ്റഡിക്ക് ശേഷം ഉന്നത ഉദ്യോഗസ്ഥൻ ഇടപെട്ടു വിട്ടയച്ചു എന്നാണ് ആക്ഷേപം. ജൂൺ 30ന് രാത്രിയാണ് എകെജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞത്. പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് രണ്ട് പേരെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തി. ആദ്യത്തേത് സ്ഫോടക വസ്തു എറിഞ്ഞയാളും രണ്ടാമത്തേത് ആക്രമണത്തിന് മുൻപും ശേഷവും അതുവഴി പോയ സ്കൂട്ടർ യാത്രികനും.
രണ്ടാം ദിവസം തന്നെ സ്‌കൂട്ടർ യാത്രികനെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ജനറൽ ആശുപത്രി പരിസരത്ത് തട്ടുകട നടത്തുന്ന രാജാജി നഗർ സ്വദേശിയായിരുന്നു സ്കൂട്ടർ യാത്രികൻ. തട്ടുകടയിലേക്ക് ആവശ്യമായുള്ള വെള്ളം എടുക്കാനാണ് എ കെ ജി സെന്ററിന് സമീപമുള്ള ടാപ്പിനരുകിൽ പോയതെന്നാണ് ഇയാളുടെ മൊഴി. എന്നാൽ സ്ഫോടക വസ്തു എറിഞ്ഞയാൾക്ക് അത് കൈമാറിയത് ഇയാളായിരുന്നോ എന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. തുടർന്ന്, കേസിൽ രണ്ട് പ്രതികളുണ്ടെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുകയായിരുന്നു.
അതേസമയം, ഇയാളുടെ ഫോൺ വിളി ഉൾപ്പെടെ മറ്റു തുടരന്വേഷണത്തിലേക്കും പോകണ്ടതില്ലെന്ന നിർദ്ദേശവും പ്രത്യേക സംഘത്തിന് ലഭിച്ചു. ഇതോടെ, കേസിൽ രണ്ടു പ്രതിയെന്ന നിഗമനം പൊലീസ് തിരുത്തി. എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണന്നും തട്ടുകടക്കാരനെ സംശയിക്കേണ്ടതില്ലെന്ന് ഉറപ്പായതിനാലാണ് വിട്ടയച്ചതെന്നുമാണ് പൊലീസിന്റെ വിശദീകരണം.
Post Your Comments